ഓമനത്തിങ്കൽ കിടാവ് 

കുഞ്ഞിലെ പെറ്റമ്മയെ നഷ്ട്ടപെട്ട ഓമനത്തിങ്കൽ കിടാവാണ്‌ അന്നക്കുട്ടി. പക്ഷെ, പരമകാരുണ്യകൻ, തന്റെ കുഞ്ഞിനെ, അമ്മയെപ്പോലെ ഓമനിച്ചു വളർത്താൻ മനസും ധനവുമുള്ള ഒരു പേരമ്മയെ നൽകി. പേരമ്മ അവളെ പൊന്നുപോലെ വളർത്തി. അമ്മയുടെ കുറവൊന്നും അവൾ അറിഞ്ഞേയില്ല.സുന്ദരിയായ ഈ മകളെ അനുരൂപനായ മരുമകന് സമ്മാനിക്കാൻ തക്കവിധം സകല സന്നാഹങ്ങളും ആ നല്ല പേരമ്മ ഒരുക്കി. അങ്ങനെയൊരു വിവാഹം ഏതാണ്ട് ഉറപ്പിച്ചു വന്നതായിരുന്നു.
അന്നകുട്ടയുടെ ദൈവവിളി മറ്റൊന്നായിരുന്നു. തന്റെ കന്യാകത്വം അഭങ്കുരം കാത്തുസൂക്ഷിച്ചു ഈശോയ്ക്കു തന്റെ ആത്മ ശരീര സിദ്ധികളൊക്കെയും സമ്പൂർണമായി സമർപ്പിക്കാൻ അവൾ ദൃഢനിശ്ചയം ചെയ്തിരുന്നു. ഉദ്ധിഷ്ടകാര്യാ സാധ്യത്തിനായി സഹനത്തിന്റെ നിരവധി പടവുകൾ അവൾക്കു ചവിട്ടികേറേണ്ടിയിരുന്നു. സർവ്വേശ്വരനിൽ, സമ്പൂർണമായി ശരണം വച്ച് അവൾ മുന്നേറി.
തന്റെ ശരീര സൗന്ദര്യമാണ് പലരെയും വിവാഹാലോചനയുമായി വരാൻ പ്രേരിപ്പിക്കുന്നത് എന്ന് അവൾ മനസിലാക്കി. മറ്റാരും ഒരിക്കലും ചിന്തിക്കുകപോലും ചെയ്യാത്ത ഒരു വീരകൃത്യം അന്നക്കുട്ടി ചെയ്തുകളഞ്ഞു! കളം പിരിഞ്ഞു കഴിയുമ്പോൾ പതിര് കൂട്ടി തീയിടുന്ന പതിവ് അക്കാലങ്ങളിൽ ഉണ്ടായിരുന്നു. കുഴിയുണ്ടാക്കി അതിലാണ് പതിര് കത്തിക്കാൻ ഇട്ടിരുന്നത്. അന്നക്കുട്ടി അന്നും പതിവുപോലെ അതിരാവിലെ ഉണർന്നെഴുനേറ്റു. അവളെ ആരും കാണുന്നില്ല. ശ്രദ്ധിക്കുന്നില്ല. സാവകാശം അവൾ തീകുഴിക്കരികിലേക്കു നടന്നു. ആ സുന്ദര പാദം അവൾ ആ കുഴിയിലേക്ക് ഇറക്കിവച്ചു. പെട്ടെന്ന് അതങ്ങുതാണുപോയി. അവളുടെ മുട്ടുവരെ തീയിൽ വെന്തു. കുഴിയിൽനിന്നും രക്ഷപെടാനുള്ള ശ്രമത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നീണ്ടു സമൃദ്ധമായ അവളുടെ മുടി കെട്ടഴിഞ്ഞു തീ പിടിച്ചു.
പെട്ടെന്ന് അരമതിലിൽ അവൾക്കു പിടികിട്ടി. അവൾ പുറത്തേയ്ക്കു ചാടി. പൊള്ളിയ കാലിലെ തൊലി മുഴുവൻ ഉരിഞ്ഞുപോയി. ഈശോയുടെ മണവാട്ടിയാകാനുള്ള അപ്രതിഹതമായ ആഗ്രഹമാണ് അന്നകുട്ടിയെ ഈ മഹാസാഹസത്തിനു പ്രേരിപ്പിച്ചത്. 90 ദിവസത്തെ വിദഗ്ധവും കഠിനവുമായ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണു അന്നകുട്ടിയുടെ കാലിലെ പൊള്ളലേറ്റ ഭാഗം കരിഞ്ഞുതുടങ്ങിയത്.

സ്നേഹം പ്രതിബന്ധങ്ങളെ അതിജീവിക്കുന്നു. എത്രയധികം സഹിക്കേണ്ടിവന്നാലും നഷ്ടധൈര്യമാവുന്നില്ല.
അന്നക്കുട്ടി എന്ന ധീര ബാലിക ഇന്ന് ഭുവന പ്രസിദ്ധയാണ്. കുടമാളൂർ ഗ്രാമത്തിന്റെ തിലകകുറിയാണ്. ഭാരതസഭയുടെ പൊന്നോമന പുത്രി. ഭാരതസഭയുടെ പൊന്നുംകുടം!