ഒരു നിമിഷം!

രക്ഷാകര ചരിത്രത്തിൽ ഒരു നിമിഷങ്ങളുടെ നിമിഷമുണ്ട്. സ്വർഗ്ഗവും ഭൂമിയും മുൾമുനയിൽ ആയിരുന്ന ഒരു നിമിഷം! ആദം, പൂർവ്വപിതാക്കൾ, മോശ, ജോഷ്വാ, ന്യാധിപന്മാർ, ദാവീദ് മുതലായ രാജാക്കന്മാർ, പ്രവാചകന്മാർ – എല്ലാവരെയും കുടികിട വിറപ്പിച്ച നിമിഷം ആയിരുന്നു അത്. ഈ നിമിഷത്തെക്കുറിച്ചു വി. ലുക്കാ രേഖപ്പെടുത്തിയിരിക്കുന്നത്  ഇങ്ങനെ:
ആറാം മാസം (എലിസബത്തിന്റെ ഉദരത്തിൽ സ്നാപകൻ ജനിച്ചതിന്റെ), ഗബ്രിയേൽ ദൂതൻ, ഗലീലിയയിൽ നാസറെത് എന്ന പട്ടണത്തിൽ ദാവീദിന്റെ വംശത്തില്പെട്ട ജോസഫ് എന്ന പേരായ പുരുഷനുമായി വിവാഹ നിശ്ചയം ചെയ്തിരുന്ന കന്യക (cfr. പ്രവചനം ഏശയ്യാ 7:14) യുടെ അടുത്തേയ്ക്കു ദൈവത്താൽ അയക്കപെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി!, കർത്താവു നിന്നോട് കൂടെ!
ഈ വചനം കേട്ട അവൾ വളരെ അസ്വസ്ഥയായി. ദൂതൻ അവളോട് പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. (അടിസ്ഥാനം ഉല്പ. 3:15) നീ ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും. നീ അവനു ഈശോ എന്ന് പേരിടണം. അവൻ വലിയവനായിരിക്കും. അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവു അവനു കൊടുക്കും. …. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല…
ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലലോ.
(നിമിഷങ്ങളുടെ നിമിഷം!!)
ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രന് എന്ന് വിളിക്കപ്പെടും.
സംശയം തീർക്കാൻ അടയാളം നൽകികൊണ്ട്; “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്ന് വ്യക്തമാക്കപ്പെട്ടപ്പോൾ മറിയം പറഞ്ഞു: “”ഇതാ, കർത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ.” ഈ fiat mili secundum verbum tuum കേട്ടപ്പോഴാണ് സ്വർഗ്ഗവും ഭൂമിയും ശ്വാസം നേരെവിട്ടത്.
പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന് fiat (ആമ്മേൻ) പറഞ്ഞു. ദൈവമാതാവായി. ഈശോ പിതാവിന്റെ ഇഷ്ട്ടം നിറവേറ്റി. മാനവരാശിയുടെ മുഴുവൻ രക്ഷകനായി.
ദൈവഹിതം അനുനിമിഷം നിറവേറ്റി നമുക്ക് സ്വർഗത്തിന് അവകാശികളാകാം. “ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം… പകരമായി നീ ദൈവത്തിന് എന്ത് കൊടുക്കും (മത്താ. 16:26).
അവിടുത്തെ തിരുവിഷ്ടം, അവിടുത്തെ മഹത്വം എന്ന് ആവർത്തിച്ച്, എന്ത് ചെയ്യുന്നതും അവിടുത്തെ മഹത്വത്തിനായി മാത്രം ചെയ്താൽ ലക്ഷ്യസ്ഥാനത്തു (സ്വർഗത്തിൽ) എത്താം.