ഒരു തുളി വീഞ്ഞും ഒരു തുളി വെള്ളവും

വിയറ്റ്നാം തടവറയിൽ അനേകവര്ഷങ്ങള് കഴിഞ്ഞിരുന്ന ഒരു രക്തസാക്ഷിയാണ് ആർച്ച്ബിഷപ് വാൻതുയൻ. അദ്ദേഹം പ്രസ്താവിക്കുന്നു: എല്ലാ ദിവസവും മൂന്നു തുളി വീഞ്ഞും ഒരു തുളി വെള്ളവും ചേർത്ത് ഞാൻ ഭക്തിപൂർവ്വം ബലിയർപ്പിച്ചിരുന്നു. ഇതായിരുന്നു (ഉള്ളം കൈ) എന്റെ അൾത്താര! ഇതായിരുന്നു എന്റെ കത്തീഡ്രൽ! ജയിലിൽ 50 പേരുടെ സംഘങ്ങളായി ഞങ്ങൾ തിരിക്കപ്പെട്ടിരുന്നു. പൊതു മെത്തയിൽ ഉറക്കം. 50 സെന്റിമീറ്റർ സ്ഥലം ഒരാൾക്ക് സ്വന്തം. രാത്രി 9.30 നു വിളക്ക് അണയ്ക്കും. പിന്നെ ഉറങ്ങാൻ കിടന്നേ മതിയാവു. ആ സമയം കുനിഞ്ഞിരുന്നു കുർബാന ചൊല്ലി വിശ്വാസികളായ തടവുകാർക്ക് ദിവ്യകാരുണ്യം നൽകിയിരുന്നു. സിഗരറ്റ് കൂടിലെ കടലാസ്സു ചുരുട്ടി അതിലാണ് വിശുദ്ധ കുർബാന വിതരണം ചെയ്തിരുന്നത്. ദിവ്യകാരുണ്യം ഞങ്ങൾ സൂക്ഷിക്കുകയും ചെയ്തിരുന്നു. രാത്രിയിൽ തടവുകാർ മാറി മാറി ഊഴമനുസരിച്ചു ആരാധനയും നടത്തിയിരുന്നു! കൊടും തടവറയിലെ തങ്ങളോടൊപ്പം ദിവ്യകാരുണ്യ ഈശോയുടെ സാനിധ്യം അവർ ഉറപ്പാക്കി!
അനിതരസാധാരണമായ ദൈവിക ജ്ഞാനം കൊണ്ട് ശൈശവത്തിൽ കൊച്ചുമിടുക്കൻ ഡൊമിനിക് സാവിയോ പ്രകാശിതനായിരുന്നു. ദിവ്യകാരുണ്യ ഭക്തിയായിരുന്നു അവന്റെ മുഖമുദ്ര. ഒരു വൈദികൻ വിശുദ്ധ കുർബാന എഴുന്നളിച്ചുകൊണ്ടുപോകുന്നത് കണ്ടാൽ, അത് കുന്നോ, കുഴിയോ, ചെളിയോ എന്തായാലും തൽക്ഷണം അവിടെ മുട്ടുകുത്തി അവൻ ദൈവത്തെ ആരാധിച്ചിരുന്നു! ഒരിക്കൽ ഒരു സുഹൃത്ത് അവനോടു പറഞ്ഞു: ‘നീ ഇങ്ങനെ കുണ്ടിലും കുഴിയിലുമൊക്കെ മുട്ടുകുത്തി ചെളിപുരളാൻ ഇടയാക്കേണ്ടതില്ല. ദൈവം അത് നിന്നില്നിന്നു ആവശ്യപ്പെടുന്നില്ല.’ ഡൊമിനിസിന്റെ മറുപടി ഇപ്രകാരമായിരുന്നു: “കാൽമുട്ടും വസ്ത്രവും നൽകിയത് ദൈവമല്ലെ? അവിടുത്തെ മഹത്വത്തിനും ശുശ്രൂക്ഷയ്ക്കുമായി അവയെ ഉപയോഗിക്കേണ്ടതലയോ? ഈശോ കടന്നുപോകുമ്പോൾ അവിടുത്തേക്ക് മഹത്വം നൽകുന്നതിന് എന്നെ ചെളികുണ്ടിലേക്കു എറിഞ്ഞാലെന്താ? എന്നെ ഒരു തീച്ചൂളയിലേക്കു എറിഞ്ഞാൽ, ഈ ദിവ്യകൂദാശയിൽ അവിടുന്ന് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ ഒരുതരി എനിക്ക് കിട്ടുമെങ്കിൽ ഞാൻ അങ്ങനെതന്നെ ചെയ്യും.”
ഭൗമിക പ്രപഞ്ചത്തിൽ സ്വർഗം വിരചിക്കുകയാണ് ദിവ്യകാരുണ്യം. ദൈവം വസിക്കുന്ന ഇടമാണ് സ്വർഗം. എങ്കിൽ ദിവ്യകാരുണ്യം ഈ പ്രപഞ്ചത്തെ സ്വർഗ്ഗതുല്യമാക്കുന്നു. ആ തിരുസാന്നിധ്യത്തെ ആരാധിച്ചു, സ്തുതിച്ചു, മഹത്വപ്പെടുത്തി, ഭൂമിയെ സ്വർഗീയ ആരാധനയോടു ചേർത്തുനിർത്തുന്ന ദൗത്യമാണ് ഓരോ സമർപ്പിതാത്മാവിനും ഉള്ളത്. വിശുദ്ധാത്മാക്കളും മാലാഖമാരും ചെയ്യുന്ന ആരാധനാ തന്നെയാണ് ദിവ്യകാരുണ്യ സന്നിധിയിൽ അണയുന്ന ഓരോ വ്യക്തിയും ചെയ്യുന്നത്. ഈ പ്രപഞ്ചത്തിൽ വച്ച് മനുഷ്യാത്മാവിനു ലഭിക്കുന്ന ദൈവസാന്നിധ്യനുഭവത്തിന്റെ പാരമ്യമാണ് ദിവ്യകാരുണ്യ സാന്നിധ്യംവഴി കൈവരിക.