എല്ലാക്കാര്യങ്ങൾക്കും നന്ദിയുള്ളവരായിരിക്കുവിൻ

ജറുസലേമിലേക്കുള്ള  യാത്രയിൽ അവൻ സമരിയായ്ക്കും  ഗലീലിക്കും  മദ്ധ്യേ കടന്നു പോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ  അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ , ഞങ്ങളിൽ കണിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചു  കൊടുക്കുവിൻ. പോകുംവഴി അവർ സുഖം പ്രാപിച്ചു. അവരിൽ ഒരുവൻ, താൻ രോഗവിമുക്തനായി എന്ന് കണ്ടു ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചുവന്നു. അവൻ യേശുവിന്റെ കാൽക്കൽ സ്രാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: “പത്തു പേരല്ലേ സുഖം പ്രാപിച്ചത് ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും ദൈവത്തെ മഹത്വപ്പെടുത്തണമെന്നു തോന്നിയില്ലേ?” അനന്തരം യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്‌ക്കൊള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു  (ലൂക്കാ. 17 :11 -19 )

  “പത്തു പേരല്ലേ സുഖം പ്രാപിച്ചത് ബാക്കി ഒമ്പതുപേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും ദൈവത്തെ മഹത്വപ്പെടുത്തണമെന്നു തോന്നിയില്ലേ?”   ഈ തിരുവാക്യം വെളിപ്പെടുത്തുന്ന ഒരു വലിയ സത്യമുണ്ട്. “ദൈവത്തിനു നന്ദിപറയുക” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് “ദൈവത്തെ മഹത്വപ്പെടുത്തുക” എന്നതാണ്. നല്ല ദൈവത്തിന്റെ ഉദാത്തസൃഷ്ടികളായ നമ്മുടെ പരമ പ്രധാനകടമായാണ് അവിടുത്തെ മഹാകൃപയ്ക്കു തന്നെ മഹത്വപ്പെടുത്തുക- നന്ദി പറയുക. തന്റെ സ്വന്തം ജനമായ ഇസ്രായേൽ മക്കൾ (ഇവിടെ ഒമ്പതു പേർ) തങ്ങൾക്കു ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാൻ മടങ്ങി വരാതിരുന്നതിനാൽ മിശിഹാ തമ്പുരാന്റെ  ഹൃദയം ഏറെ വേദനിക്കുന്നുണ്ട്. ഉധൃതവചനഭാഗത്തിന്റെ അവസാനത്തെ, ഹൃദയം വിങ്ങുന്ന രണ്ടു ചോദ്യങ്ങൾ ഈ വസ്തുത സുതരാം വിളിച്ചോതുന്നു.

കർത്താവ് നൽകിയ നിരവധിയായ അനുഗ്രഹങ്ങൾ  കൃതജ്ഞതാപൂർവ്വം അനുസ്മരിച്ചുകൊണ്ട് സങ്കീർത്തകൻ അത്ഭുത പരതന്ത്രനായി ചോദിക്കുന്നു:”കർത്താവു എന്റെമേൽ ചരിഞ്ഞ അനുഗ്രഹങ്ങൾക്ക് ഞാൻ എന്ത് പകരംകൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും” (സങ്കീ.116  :12 ,13 )

    അതെ, ഓരോശ്വാസോച്ഛാസത്തിലും ഓരോ ശ്വാസത്തിനും മനുഷ്യൻ കർത്താവിനു മനസ്സറിഞ്ഞു, മനസ്സിരുത്തി, മനസ്സുരുകി, മനം പിടഞ്ഞു നന്ദി പറയണം. പൗലോസിന്റെ അപ്രതിഹത്യമായ   വാക്കുകൾ നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കണം . അതുപ്രയോഗികതലത്തിൽ അഭ്യസിക്കാൻ നാം പരിശ്രമിക്കുകയും വേണം. “ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1  തെസ്സ. 5 : 17 , 18).

ആത്മാവിനെ നിർവീര്യമാക്കി, പ്രവചനകളെ നിന്ദിച്ച്, എല്ലാം പരിശോധിച്ചുനോക്കി  നല്ലവയെ മുറുകെ പിടിക്കാത്തവർക്കും  വാക്കിൽ എളിമയില്ലാത്തവർക്കും  ഈ കൃതജ്ഞതാ ഭാവം  കിട്ടുക വളരെ വിഷമകരമാണ്. സങ്കീർത്തകൻ അത്ഭുത പരതന്ത്രനായി ചോദിക്കുന്നു: “കർത്താവെ  അങ്ങയുടെ അനുഗ്രഹങ്ങൾ എത്ര വിപുലമാണ്! തന്റെ ഭക്തർക്കുവേണ്ടി , അവിടുന്ന്, അവ ഒരുക്കി വച്ചിരിക്കുന്നു!” (സങ്കീ 31 :19 ).

   ആബേൽ, നോഹ, അബ്രഹാം, ഇസഹാക്ക്, യാക്കോബ്, യൗസേപ്പ്, മോശ, ജോഷ്വാ പ്രവാചകർ, ഏലിയാ, എലീശാ  ഇതരപ്രവാചകന്മാർ, സാമുവേൽ , ദാനിയേൽ, സൂസന്ന, വലിയവരും ചെറിയവരുമായ പ്രവാചകർ, വിശുദ്ധർ എല്ലാവരും നിരന്തരമെന്നോണം  ദൈവത്തിനു നന്ദിപറഞ്ഞു ജീവിച്ചവരാണ്.

ദാവീദുരാജാവിന്റെ  സങ്കീർത്തനങ്ങൾ  വിശദമായ പഠനത്തിന് വിധേയമാക്കുമ്പോൾ വെളിച്ചത്തുവരുന്ന ഒരു കാര്യം അവയുടെയെല്ലാം  അന്തഃസത്ത കൃതജ്ഞതാ പ്രകാശനമാണെന്നതാണ്. “ജെസ്സെയുടെ പുത്രനായ ദാവീദിൽ എന്റെ ഹൃദയത്തിനിണങ്ങിയ  ഒരു മനുഷ്യനെ ഞാൻ കണ്ടെത്തിയിരിക്കുന്നു (1 സാമു. 13 :14 ) എന്ന് എടുത്ത് പറയാൻ ദൈവത്തെ പ്രേരിപ്പിച്ചത് ഈ വസ്തുതയാണ്. സത്യവേദപുസ്തകം ശ്രദ്ധാപൂർവ്വം പഠിക്കുമ്പോൾ  വ്യക്തമാവുന്നത് ആരാധിക്കുക, സ്തുതിക്കുക, മഹത്വപ്പെടുത്തുക,നന്ദിയുള്ളവരായിരിക്കുക ഇവയെല്ലാം സമാനാർത്ഥമുള്ള, പരസ്പരബന്ധമുള്ള, പരസ്പര പൂരകങ്ങളായ ക്രിയകളാണെന്നതാണ്.

  വിവിധങ്ങളായ നമ്മുടെ അനുഭവങ്ങൾക്ക്- സുഖദുഃഖ, സന്തോഷ-സന്താപ, സമ്പദ്- ദാരിദ്ര്യാനുഭവങ്ങൾക്കെല്ലാം – നാം നന്ദി പറയണം. “എല്ലാ കാര്യങ്ങൾക്കും നന്ദിയുള്ളവരായിരിക്കുവിൻ ” (1  തെസ്സ. 5 :18 ).