എല്ലാം ശുഭമാകാൻ

ഈശോയോടൊപ്പമായിരിക്കുകയെന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മനുഷ്യന്റെ ദാഹവും കൊതിയും ഈശോയോടൊപ്പമായിരിക്കാനാണ്. സ്വർഗത്തിൽ നിത്യം പരിശുദ്ധ ത്രീത്വത്തോട് ഒപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യാത്മാവ്, ഭൂമിയിൽവച്ചു തന്നെ അതിന്റെ മുന്നാസ്വാദനം നുകരുന്നതല്ലേ ഏറ്റം ആനന്ദസംദായകം? ദൈവസാനിധ്യ സ്മരണ എന്ന് ആത്മീയപിതാക്കൾ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കാറുണ്ട്. ഇത് ആത്മീയതയുടെ അകക്കാമ്പായി അവർ കണക്കാക്കുന്നുമുണ്ട്. ക്രിസ്ത്യാനുകരണകർത്താവ് അര്ഥശങ്കയ്ക്കിടമില്ലാത്ത വിധം പ്രസ്താവിക്കുന്നു: “ആത്മീയതയുടെ പൂര്ണതയെന്നത് പുണ്യങ്ങളുടെ സമൃദ്ധിയല്ല. ദൈവത്തിന്റെ (പരിശുദ്ധത്രീത്വത്തിന്റെ) കൂട്ടായിമയിലായിരിക്കുന്നതാണ്.

നമ്മുടെ ഓരോ പ്രവർത്തിയും ഈശോമിശിഹായിലാണ് നാം ചെയ്യുന്നതെങ്കിൽ ശരീരത്തിന്റെ പ്രവർത്തികളുൾപ്പെടെ എല്ലാം ആത്മീയമാണ് (അന്തോയോക്കിയയിലെ വി. ഇഗ്നെഷിയുസ്). എല്ലാം ഈശോയോടൊപ്പവും ഈശോയിലും ചെയ്യുന്നതാണ് ആധ്യാത്മിക ജീവിതത്തിന്റെ മർമ്മം.

ഈശോ നമ്മോടുകൂടെ ഉള്ളപ്പോൾ, എല്ലാം ശുഭമായിരിക്കും; എല്ലാം അനായാസവും. അപ്പോൾ യാതൊരു ശത്രുവിനും നമ്മെ ദ്രോഹിക്കാനാവില്ല. ഈശോ സ്വന്തമായവന് എല്ലാമുണ്ട്. കാരണം അവിടുന്ന് പരമ നന്മയാണ്. ആര് ഈശോയിലും ഈശോ ആരിലും വസിക്കുന്നുവോ അവനിൽ ആ ദിവ്യ ജ്യോതി പ്രഭുലമായിരിക്കുകയും ചെയ്യും. വിശുദ്ധിയുടെ ഉന്നത സോപാനത്തിൽ വസിച്ചവളാണ് ആവിലയിലെ അമ്മത്രേസ്യ. ഉണ്ണീശോ പലപ്പോഴും അമ്മയ്ക്ക് പ്രത്യക്ഷപെട്ടു അമ്മയോട് സംസാരിക്കുമായിരുന്നു; പലപ്പോഴും ദീർഘനേരം! ആശ്രമ നിയമം കൃത്യമായി പാലിക്കുന്നതിന്, സംഭാഷണം പാതിവഴി നിർത്തിയിട്ടു ഈശോയോടു അനുവാദം ചോദിച്ചു ത്രേസ്യ പോകുമായിരുന്നു. അവൾ മടങ്ങിവരുന്നു വരെ ഈശോ കാത്തിരുന്നുവത്രെ!

പുണ്യപൂര്ണത പ്രാപിക്കുന്നതിന്  ഒരു പ്രധാനപ്പെട്ട മാർഗമാണ് സഭാനിയമനുഷ്ട്ടാനം. 1960 ജൂൺ 18 നു പാറേൽപ്പള്ളിക്കടുത്തു  (ചങ്ങനാശേരി) കൊച്ചുസെമിനാരിയിൽ ചേർന്നതിന്റെ മൂന്നാം ദിനം സായാഹ്നത്തിൽ അത്താഴത്തിനു തൊട്ടുമുൻപ് അന്ന് ഞങ്ങളുടെ റെക്ടറായിരുന്ന (അതിനു മുൻപ് 2 കൊല്ലം ലേഖകന്റെ ഹെഡ്മാസ്റ്ററായിരുന്നു) വിശുദ്ധനായ ഗ്രിഗറി തൈച്ചെറിലച്ചൻ തന്റെ കന്നി സന്ദേശം തുടങ്ങിയത് ഇങ്ങനെയായിരുന്നു: Keep the rules, the rules will keep you. തൈച്ചെറിലച്ചന്റെ സുപ്രധാനമായ  ഒരു സന്ദേശമായിരുന്നു ഇത്. ഈ നിർദ്ദേശം കൃത്യമായി പാലിക്കാൻ ഈയുള്ളവൻ തന്റെ 12 കൊല്ലം നീണ്ട ആധ്യാത്മിക പരിശീലനത്തിൽ ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നുവെന്നു വെളിപ്പെടുത്തുന്നത് മാപ്പാക്കണം. അതുകൊണ്ടുതന്നെ പരിശീലനകാലം സന്തോഷത്തോടും സംതൃപ്തിയോടും  നിർഭയത്വവും നയിക്കുവാൻ കഴിഞ്ഞു എന്ന വസ്തുത നന്ദിപൂർവം അനുസ്മരിക്കട്ടെ. ഒരുവന്റെ ജീവിതത്തിൽ പുണ്യപരിപൂര്ണതയ്ക്കുള്ള മാർഗമാണ് നിയമപാലനം എന്നത് കറതീർന്ന ആത്മീയ ദർശനം തന്നെ.

വിശുദ്ധിയുടെ കുറുക്കുവഴി സ്നേഹം തന്നെയെന്ന് കണ്ടെത്തിയ ‘സഹാനാത്മാവ്’ ‘ബലിയാത്മാവ്’ ആണ് വി. കൊച്ചു ത്രേസിയാ. ഈ  വിശുദ്ധി പലപ്പോഴും ഉത്‌ഘോഷിച്ചിരുന്ന, നമ്മെ അത്യന്ത്യം വിസ്മയിപ്പിക്കുന്ന, ഒരുവാക്യമുണ്ട്: “എന്നെക്കാളധികം എന്റെ ഈശോയെ സ്നേഹിക്കുന്ന ഒരു വ്യക്തിപോലും ഈ ഭൂമിയിൽ ഉണ്ടാകാൻ പാടില്ല.” സത്യസന്ധവും ആത്മാർത്ഥവും ഏറ്റം സാഹസികവുമായ ഒരു പ്രസ്താവനയാണിത്. സ്നേഹത്തിൽ എല്ലാം

സാധിതമാകുന്ന സുഗമമാക്കുന്ന അത്യുദാത്തമായ ആത്മീയദര്ശനം! ആത്മാക്കളെ നേടാൻ പര്യാപ്തവും നിത്യനൂതനവുമായ മിസ്റ്റിക്കൽ ദർശനം.

പലപ്പോഴും കൊച്ചുറാണി ഈശോയോടു ഇങ്ങനെ പറയുമായിരുന്നു: “ഈശോയെ, എന്റെ ഈശോയെ, എനിക്ക് സ്വന്തമായി യാതൊരു യോഗ്യതയുമില്ല. അതിനാൽ എന്റെ ഈ നിവേദനം സ്വീകരിച്ചാലും.സ്വർഗ്ഗഭൂലോകങ്ങളിലുള്ള സകല വിശുദ്ധരുടെയും വിശുദ്ധി മുഴുവൻ കടമെടുത്തു അവയെല്ലാം എന്റേതായി അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു.