എല്ലാം വിശുദ്ധ കുര്ബാനയിൽ നിന്ന്

ദൈവികജ്ഞാനത്തിന്റെ നിക്ഷേപമാണ് ദിവ്യകാരുണ്യം. ദിവകാരുണ്യഭക്തൻ ജ്ഞാനത്താൽ പൂരിതരായി പ്രകാശിതരാകുന്നു. അവരുടെ ഹൃദയം ദൈവിക സ്നേഹത്താലും ബുദ്ധി ദൈവിക ജ്ഞാനത്തിലും ഇച്ഛാശക്തി ദൈവിക ശക്തിയാലും ആത്മാവ് കൃപാവരത്താലും സർവ്വസമ്പന്നമാകുന്നു. വി. ജോൺ പോൾ രണ്ടാമൻ മാര്പാപ്പയെക്കുറിച്ചുള്ള സാക്ഷ്യങ്ങളിൽ ഒരെണ്ണം ഇവിടെ രേഖപ്പെടുത്തട്ടെ. അദ്ദേഹം ക്രാക്കോ രൂപതയിലെ മെത്രാനായിരുന്ന കാലം ഭദ്രാസന ദേവാലയത്തിൽ വെളുപ്പിനെ 5 മണിക്ക് വെളിച്ചം കാണാം. പിതാവിന്റെ പ്രഭാത പ്രാർത്ഥന ആരംഭിച്ചു കഴിഞ്ഞു. തുടർന്ന് ഭക്തിനിർഭരമായ ബലിയർപ്പണം, പ്രഭാത ഭക്ഷണം ഇവ കഴിയുമ്പോൾ സമയം ഏഴര. 9  മുതൽ 11  വരെ സ്വകാര്യ കപ്പേളയിൽ, ദിവ്യകാരുണ്യ സന്നിധിയിൽ സർവാത്മനാ പൂർണമായും ആയിരിക്കും. ഒപ്പം എഴുത്തിലും ധ്യാനത്തിലും. ആ മുഴുവൻ സമയവും അദ്ദേഹം മുട്ടിന്മേലായിരിക്കും. ദിവ്യകാരുണ്യ സന്നിധിയിൽ മുട്ടിന്മേൽ നിന്നാണ് പല സുപ്രധാന കാര്യങ്ങളും അദ്ദേഹം എഴുതിയിരുന്നത്! പല പ്രധാനപ്പെട്ട കാര്യങ്ങളും എഴുതിയിരുന്നത്. അവയൊന്നും തിരുത്തേണ്ടി വന്നിട്ടുമില്ല.
ദീൻദാസി മദർ പിത്രോ ഇങ്ങനെയൊരു നിർദ്ദേശം തന്റെ സഹോദരികൾക്കു നൽകിയിരുന്നു: “പ്രഭാതത്തിൽ ശുശ്രൂക്ഷയ്ക്കു ഇറങ്ങുന്നതിനു മുൻപ് നിങ്ങൾ ചാപ്പലിൽ പോകണം. അൾത്താരയിൽ നിന്ന് ഈശോയെയും  മാതാവിനെയും കൂട്ടികൊണ്ടുവേണം സേവനമേഖലയിലേക്കു പുറപ്പെടാൻ. തുടർന്ന് ജോലി സമയം മുഴുവൻ നിരന്തര ദൈവസാന്നിദ്ധ്യ സ്മരണയിലായിരിക്കണം. ജോലികൾക്കിടയിൽ അത്യാവശ്യത്തിനു മാത്രം സംസാരിക്കുക. ഹൃദയത്തിൽ സംസാരിക്കുന്ന ഈശോയുടെ സ്വരം സശ്രദ്ധം സദാ ശ്രവിക്കുകയും വേണം. കൃത്യനിഷ്ടയും ദൈവസാന്നിധ്യബോധവും എപ്പോഴും കൈമുതലായുണ്ടായിരിക്കണം. അങ്ങനെ അനുനിമിഷം ദിവ്യ ഈശോയോടൊപ്പം വ്യാപാരിക്കണം.”
വിശുദ്ധ ജോൺ മരിയ വിയാനി ഇടവകവൈദികരുടെ (diocesan priests) പ്രിത്യേക മധ്യസ്ഥനാണല്ലോ. അദ്ദേഹത്തിന്റെ ലളിത സുന്ദരമായ വാക്കുകൾ അങ്ങേയറ്റോം ശ്രേധേയമാണ്. “എല്ലാ ജീവജാലങ്ങൾക്കും ആഹാരം വേണം. ആത്മാവിനും ആഹാരം അത്യാവശ്യമാണ്. എന്താണ് ആത്മാവിന്റെ ആഹാരം? ആത്മാവിന്റെ ജീവൻ നിലനിർത്താൻ പര്യാപ്തമായ ഒരു ഭക്ഷണവും സൃഷ്ട്ടാവാസ്തുക്കളിൽ ഇല്ല. അതുകൊണ്ടു ദൈവം തന്നെ ആത്മാവിൻറെ ഭോജനമാകാൻ തിരുവുള്ളമായി. മനുഷ്യാത്മാവേ, നീ എത്ര മാഹാത്മ്യമുള്ളതു? ദൈവത്തിന് മാത്രമേ നിന്നെ തൃപ്തിപ്പെടുത്താൻ കഴിയു; പോഷിപ്പിക്കാൻ സാധിക്കു. ദൈവത്തിന്റെ ശരീരവും രക്തവും! ദിവ്യമായ ആഹാരം! ദൈവം മാത്രമേ ആത്മാവിനെ നിറയ്‌ക്കു. വി. കുർബാനയിൽ കർത്താവിനോടു യോജിക്കുന്ന ആത്മാക്കൾ എത്ര ഭാഗ്യമുള്ളവ!
മാൽകം മഗ്രിഡ്ജ് എമ്പതാം വയസ്സിൽ പ്രൊട്ടസ്റ്റന്റ് സഭ വിട്ടു കത്തോലിക്ക സഭയിൽ ചേർന്ന വ്യക്തിയാണ്. അദ്ദേഹമാണ് വി, മദർ തെരേസയെക്കുറിച്ചു Something beautiful for God എന്ന ഗ്രന്ഥം രചിച്ചത്. മാൽകം ഒരിക്കൽ മദറിനോട് ചോദിച്ചു: ഇപ്രകാരമുള്ള സത്യപ്രവർത്തികൾ ചെയ്യാൻ എവിടെ നിന്നാണ് അമ്മയ്ക്ക് കരുത്തു ലഭിക്കുക?” മദറിന്റെ മറുപടി ഇപ്രകാരമായിരുന്നു:”സ്വർഗത്തിൽ നിന്ന്, അനുദിനം ഞങ്ങൾ സ്വീകരിക്കുന്ന വി. കുർബാനയിൽ നിന്ന്, ജീവിക്കുന്ന ക്രിസ്തുവിൽ നിന്ന്, പ്രാർത്ഥനയിൽ നിന്ന്.”