എന്തേ, എന്റെ മോൻ ഇങ്ങനെ

വികാരിയച്ചൻ സായാഹ്ന സവാരിക്കിറങ്ങിയതാണ്. അന്നൊരു ശനിയാഴ്ച അവധി ദിവസമാണ്. മുറ്റത്തു ഒറ്റക്കിരുന്നു കളിക്കുന്ന ഉണ്ണിയെ കണ്ടു അച്ഛൻ അങ്ങോട്ട് കയറിച്ചെന്നു.
അച്ഛൻ സ്നേഹത്തോടെ ചോദിച്ചു:
‘മോനെ! പപ്പാ ഉണ്ടോ?’ ഉണ്ണി ഒന്നും മിണ്ടിയില്ല. അവൻ കേൾക്കാത്തതാവുമെന്നു കരുതി അച്ഛൻ വീണ്ടും ഉറക്കെ ചോദിച്ചു:
‘പപ്പാ വീട്ടിലുണ്ടോ മോനെ?’
പെട്ടെന്ന് അവൻ തിരിഞ്ഞുപോലും നോക്കാതെ ദേഷ്യത്തോടെ പറഞ്ഞു:
‘നീ പോ’
അച്ഛൻ ഞെട്ടിത്തിരിഞ്ഞു നിൽക്കുമ്പോൾ വാതില്തുറന്നു അവന്റെ ‘അമ്മ പുറത്തേയ്ക്കു വന്നു. ഉണ്ണി പറഞ്ഞതവർ കേട്ടിരുന്നു. സങ്കടത്തോടെ അവർ പറഞ്ഞു:
‘അച്ഛൻ ക്ഷമിക്കണം . ടീവിയിൽ കേൾക്കുന്നതെല്ലാം അതേപോലെ അവൻ പറയും, ആരെന്നുപോലും നോക്കത്തില്ല.’
കുട്ടികൾ കംമ്പ്യൂട്ടറുകളെപോലെയാണ്. കാണുന്നതും കേൾക്കുന്നതുമെല്ലാം മനസിൽ പതിയും. സമയാസമയങ്ങളിൽ കേട്ടത് കേട്ടതുപോലെതന്നെ പറഞ്ഞെന്നിരിക്കും. ബാല്യകാലം സ്വഭാവരൂപീകരണത്തിന്റെ കാലമാണ്. നല്ലതാണെങ്കിൽ നല്ലതു. ചീത്തയാണെങ്കിൽ ചീത്ത, കണ്ടതും കേട്ടതുമെല്ലാം കുട്ടികളെ സ്വാധീനിക്കും. നല്ലതു മാത്രം കാണാനും കേൾക്കാനും ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ പരിശീലിപ്പിക്കണം. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്നാണല്ലോ പഴമൊഴി. ഇതിനൊക്കെ വല്യപ്പച്ചനും വല്യമ്മയും കരണവന്മാരുമൊക്കെ വീട്ടിലുണ്ടായിരുന്നു. ഇന്ന് അവരൊക്കെ നമുക്കന്യമായിരിക്കുന്നു. സ്വാർത്ഥത നമ്മെയും നമ്മുടെ കുഞ്ഞുങ്ങളെയും ഒറ്റപെടുത്തിയിരിക്കുന്നു. വീട്ടുതടങ്കലിലെന്നപോലെ നമ്മുടെ കുട്ടികളുടെ ബാല്യകാലം ടിവിക്കും കമ്പ്യൂട്ടറിനും മുന്നിൽ തളച്ചിടപ്പെട്ടിരിക്കുന്നു. മാതാപിതാക്കൾ പണത്തിനു പിന്നാലെ ഓടി നടക്കുമ്പോൾ അവർക്കു നഷ്ടപ്പെടുന്നത് എത്ര പണം കൊടുത്താലും കിട്ടാതെ സ്വന്തം മക്കളുടെ നല്ല ഭാവിയാണ്. പരിപാവനമായ ഭവനത്തിന്റെ സ്വകാര്യതയിൽ വേണം നമ്മുടെ മക്കൾ വളർന്നു വരേണ്ടത്. എന്നാൽ നമ്മുടെ ഭവനങ്ങളുടെ സ്വകാര്യത ഇന്ന് മാധ്യമങ്ങൾ കൈയേറി നശിപ്പിച്ചിരുന്നു. ടീവിയും കമ്പ്യൂട്ടറും വഴിയായി കമ്പോളസംസ്കാരത്തിന്റെ എല്ലാ മ്ലേച്ഛതകളും നമ്മുടെ ഭവനങ്ങളിലേക്കു  സദാസമയവും കടന്നുവന്നുകൊണ്ടിരിക്കുന്നു. മദ്യപാനവും കൊലപാതകവും ബലാത്സംഗവുമെല്ലാം നിസ്സംഗരായി കണ്ടുകൊണ്ടിരിക്കാൻ നമ്മൾ നിര്ബന്ധിതരായിരിക്കുന്നു. ഇതൊക്കെ തന്നെയാണ് യഥാർത്ഥ ജീവിതമെന്നു പാവം കുട്ടികൾ തെറ്റിദ്ധരിക്കുന്നു. അങ്ങനെ പാപബോധം നഷ്ട്ടപെട്ട ഒരു ഇളംതലമുറ രൂപമെടുക്കുന്നു.
മൂർഖൻപാമ്പിൽ നിന്നോ പേപ്പട്ടിയിൽ നിന്നോ വേണ്ടിവന്നാൽ ജീവന്കൊടുത്തും നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ രക്ഷിക്കാതിരിക്കില്ല. എന്നാൽ അവയ്ക്കാകട്ടെ നമ്മുടെ മക്കളുടെ ശരീരത്തെ മാത്രമേ നശിപ്പിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ഒരേസമയം ആത്മാവിനെയും മനസിനെയും ശരീരത്തെയും ഒന്നുപോലെ നശിപ്പിക്കുന്ന, മാധ്യമങ്ങളിലെ തിന്മ പ്രസരിപ്പിക്കുന്ന പരിപാടികളിൽനിന്നു എന്തുകൊണ്ടാണ് നമ്മുടെ മക്കളെ രക്ഷിക്കാത്തതു? നമ്മുടെ മക്കളാണ് യഥാർത്ഥ സമ്പത്തെന്നു നമ്മൾ തിരിച്ചറിയണം. അവർ നല്ലതു മാത്രം കണ്ടും കെട്ടും നല്ലവരായി വളരട്ടെ. ഈശോയെപോലെ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും സംപ്രീതിയിൽ അവർ വളർന്നുവരട്ടെ. (ലുക്കാ 2:52).
മാത്യു മാറാട്ടുകളം