എന്തതിശയമേ ദൈവത്തിന്റെ വഴികൾ

തികച്ചും ദരിദ്രമായ അവസ്ഥയിലാണ് വിൻസെന്റ് ജനിച്ചു വളർന്നത്. ഏതാണ്ട് ചെറുപ്പത്തിലെത്തന്നെ അവന്റെ പിതാവ് പരലോകം പ്രാപിച്ചു. ദൈവകൃപയാൽ, പിതാവിന്റെ മരണത്തിനു മുൻപുതന്നെ വിൻസെന്റ് ഏറെ നല്ലവനായ ഒരു വൈദികനായി കഴിഞ്ഞിരുന്നു. ഈ അവസ്ഥയിൽ തന്റെ അമ്മയെയും സഹോദരങ്ങളെയും സഹായിക്കണമെന്ന് ഫാ. വിന്സന്റിനു ആഗ്രഹമുണ്ടായിരുന്നു.

ഇതിനിടെ ട്യൂലിസിൽ സുകൃതിനിയായ ഒരു സ്ത്രീ അവളുടെ മരണാസനത്തിൽ തന്റെ സ്വത്തു മുഴുവൻ വിൻസെന്റച്ഛനായി എഴുതിവച്ചിരുന്നു. പക്ഷെ, അതിന്മേൽ കടബാധ്യതയുള്ള ഒരാൾ മാർസ്യയിൽ  ഉണ്ടായിരുന്നു. അച്ഛൻ അവിടെയെത്തി കാര്യങ്ങൾ ക്രമീകരിച്ചു. അനന്തരം തിരിച്ചു കപ്പൽ കയറി. നിർഭാഗ്യമെന്നു പറയട്ടെ, കടൽക്കൊള്ളക്കാർ കപ്പൽ ആക്രമിച്ചു. കപ്പിത്താനെ വധിച്ചു. അവർ യാത്രക്കാരെയെല്ലാം അടിമകളാക്കി ട്യൂണീസിയയിലേക്കു കൊണ്ടുപോയി.

കൊള്ളക്കാരുമായുള്ള സംഘട്ടനത്തിൽ അച്ഛന്റെ കാലിൽ അതിശക്തമായ ഒരു അസ്ത്രം തുളച്ചുകയറി ആഴമേറിയ ഒരു മുറിവുണ്ടാക്കി. അത്, ആജീവനതം അദ്ദേഹത്തെ അതികഠിനമായ വേദനയ്ക്ക് വിധേയമാക്കി. പരിതാപകരമായ ഈ പാരിതോവസ്ഥയിൽ അദ്ദേഹം ട്യൂണീസിയയിലെ അടിമച്ചന്തയിൽ വിൽക്കപെട്ടു പീഡകർ അദ്ദേഹത്തിന്റെ കഴുത്തിൽ ചങ്ങലയിട്ടു.ചെറിയൊരു കാൽച്ചട്ടയും വെള്ളക്കോട്ടും ഒരു വട്ടത്തൊപ്പിയും ധരിപ്പിച്ചു. അനന്തരം പട്ടണത്തിലൂടെ നടത്തി. ഒരു മുക്കുവനായിരുന്നു അദ്ദേഹത്തെ വിലയ്ക്ക് വാങ്ങിയത്. ജോലിപരിചയമില്ലാത്ത ഈ അടിമയെക്കൊണ്ട് ഒരു പ്രയോഗനവുമില്ലെന്നു മനസിലാക്കിയ അയാൾ അദ്ദേഹത്തെ ഒരു രാസവിദ്യ വിദഗ്ധന് വിൽക്കുന്നു. വർഷങ്ങളായി അയാൾ ഫിലോസോഫേർസ് സ്റ്റോൺ (Philosopher’s Stone) കണ്ടുപിടിക്കുന്ന ഉദ്യമത്തിലായിരുന്നു. അയാൾ അച്ഛനെ തന്റെ വിദ്യകൾ പഠിപ്പിച്ചു. ഈ സംഭവത്തെക്കുറിച്ചു അച്ഛൻ കോറിയിട്ടിരിക്കുന്നതു ഇങ്ങനെയാണ്. ഈശോയ്ക്കും പരിശുദ്ധ കന്യാമറിയത്തിനും നിരന്തരം പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ട് ഞാൻ കഴിഞ്ഞുപോന്നു. എനിക്ക് മോചനം കിട്ടുമെന്ന വിശ്വാസം എന്നിൽ വളർന്നിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥത്താൽ ഞാൻ വിമുക്തനായി എന്ന് വിശ്വസിക്കുന്നു. മുഹമ്മദീയൻ അദ്ദേഹത്തെ തന്റെ മരുമകനും മരുമകൻ അദ്ദേഹത്തെ ഒരു ഫ്രഞ്ച്കാരനും വിറ്റു. ആ ഫ്രഞ്ച്കാരനാവട്ടെ, തന്റെ ക്രിസ്തവ വിശ്വാസം ഉപേക്ഷിച്ചു മുഹമ്മദീയ ആചാരപ്രകാരം ജീവിക്കുകയായിരുന്നു. രണ്ടു വർഷത്തെ അടിമജോലിക്കു ശേഷം 1607 ജൂൺ 29 നു മുതലാളിയായ ഫ്രഞ്ച്കാരനുമൊത്തു വിൻസെന്റച്ഛൻ ഫ്രാൻസിൽ ബോട്ടിറങ്ങി. ഉപദേശവും പ്രാർത്ഥനയും മാതൃകയും വഴി ആ ഫ്രഞ്ച്കാരനെ വിൻസെന്റച്ഛൻ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവന്നു.


അയാൾ അവിതോണിലെത്തി പേപ്പൽ പ്രതിനിധിയിൽ നിന്നും പാപമോചനം പ്രാപിച്ചു, കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങിവന്നു. വിൻസെന്റച്ഛൻ സ്വതന്ത്രനായി. മാത്രമല്ല, മഹോന്നത ദൈവം ആ മകനെ ശുശ്രൂക്ഷ മേഖലയിൽ എത്തിച്ചു വളരെയധികം ഉയർത്തി. ഇതോടെ അദ്ദേഹം എല്ലാ ദ്രവ്യാഗ്രഹങ്ങളിൽനിന്നും (സാഹചര്യങ്ങൾ നിലനിൽക്കത്തന്നെ) സർവ സ്വതന്ത്രനായി.


1611 തന്റെ ഉറ്റ സുഹൃത്ത് അദ്ദേഹത്തിന് 3000 പവൻ നൽകി. അത് അദ്ദേഹം സ്വന്തമായി എടുത്തില്ല. പകരം ബ്രതെഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസസമൂഹത്തിനു സസന്തോഷം സമ്മാനിച്ച്. പാവങ്ങളോടുള്ള ആർദ്രതയാണ് അദ്ദേഹത്തിൽ നിറഞ്ഞു നിന്നിരുന്നത്. ജയിലിൽ കഴിഞ്ഞിരുന്ന തടവുകാർക്കും കപ്പലടിമകൾക്കും ചേരിനിവാസികളായ പാവങ്ങൾക്കും ഒരു പിതാവായി മാറാൻ ഈശോ വിൻസെന്റച്ഛൻ രൂപപ്പെടുത്തുകയായിരുന്നു!


ഇങ്ങനെയൊക്കെയാണ് മഹാനായ വി. വിൻസെന്റ് ഡി പോൾ ഈശോയുടെ സ്വന്തമായത് എന്നുള്ള സത്യം അനുവാചകർ നേരത്തെ ഊഹിച്ചെടുത്തിരിക്കാനാണ് സാധ്യത. എത്രയോ പതിനായിരങ്ങളാണ് അദ്ദേഹത്തിൽ നിന്നും നേരിട്ട് സമാശ്വാസം കണ്ടെത്തിയിരുന്നത്! ലക്ഷങ്ങൾ, ലക്ഷങ്ങൾ, ചരിത്രത്തിന്റെ കുത്തൊഴുക്കിൽ നിന്ന് കൊണ്ടുതന്നെ അശണർക്കും ആലംബഹീനർക്കും ക്രൈസ്തവസന്തോഷവും ശ്വാശ്വത സമാധാനവും കൈമാറികൊണ്ടിരിക്കുന്നു.