എനിക്ക് വിജയിക്കണം

പ്രിയ മാതാപിതാക്കളെ, നിങ്ങൾ നിങ്ങളുടെ മക്കളെക്കുറിച്ചു പരാതിപറയാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവർ വളരുന്നില്ലെന്നു ചിന്തിക്കാറുണ്ടോ? നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരല്ലല്ലോ നിങ്ങളുടെ മക്കൾ. ദൈവത്തിന്റെ പ്രതീക്ഷകൾക്കൊത്തു വളരേണ്ടവരാണവർ. അതിനു അവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയേണ്ടവരല്ലേ നിങ്ങൾ.
അതെ, ഇതു നിങ്ങൾക്കുള്ള സന്ദേശമാണ്. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് വിജയത്തിന്റെ ഉയരങ്ങളിലേക്ക് സ്വന്തം മകളെ കൈപിടിച്ച് നടത്തിയ ഒരമ്മയുടെ കഥയാണിത്. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നു സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ഒരു മകളുടെ കഥ.
ഒരു പാവപ്പെട്ട കടുംബത്തിലാണവൾ  ജനിച്ചത്. നാലാമത്തെ വയസ്സിൽ പോളിയോ ബാധിച്ചു കിടപ്പിലായ വിൽമ റുഡോൾഫ് എന്ന പെൺകുട്ടി. തന്റെ പ്രിയ മകളുടെ ദുരവസ്ഥയുടെ വേദനകൾ കടിച്ചമർത്തി അവളുടെ ‘അമ്മ അവളെ നോക്കി പറയുമായിരുന്നു:
‘സാരമില്ല മോളെ, ഒരിക്കൽ നിനക്ക് നടക്കാനും ഓടാനും എല്ലാം കഴിയും.’ അത് കേൾക്കുമ്പോൾ വിൽമയുടെ മനസ്സ് തുടിക്കും. നടക്കണം, ഓടണം, ഉയരങ്ങൾ കിഴടക്കണം. അവളുടെ ഹൃദയം മന്ത്രിക്കും.
ഒന്നും സംഭവിക്കാത്തതുപോലെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി. തന്റെ ഒമ്പതാമത്തെ ജന്മദിനത്തിൽ വിൽമ അമ്മയോട് ചോദിച്ചു: ‘അമ്മെ എനിക്ക് ഓട്ടമത്സരത്തിൽ പങ്കെടുക്കാനും ജേതാവാകാനും സാധിക്കുമോ?’
‘അമ്മ അവളുടെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിൽ  പ്രത്യാശയുടെ കനലുകൾ എരിയുന്നതു  അവർ കണ്ടു. ‘അമ്മ പറഞ്ഞു: “തീർച്ചയായും വിൽമ, നീ ഓടി ഓടി ലോക ചാമ്പ്യനാകും.”
അന്നൊരു ദിവസം അവൾ തന്റെ കാലുകളെ  ബന്ധിച്ചിരുന്ന താങ്ങുവടികൾ  അഴിച്ചു ദൂരെ എറിഞ്ഞു. നിവർന്നു നില്ക്കാൻ അവൾ ശ്രമിച്ചു. അവൾക്കതിനു കഴിഞ്ഞില്ല. വീണ്ടും അവൾ പിടിച്ചെഴുന്നേൽക്കും, വീണ്ടും വീഴും. ഓരോ പ്രാവശ്യം വീഴുമ്പോഴും അവൾ മനസ്സിൽ പറയും. ഇല്ല, ഞാൻ തളരില്ല, ഞാൻ നടക്കും, ഓടും, മത്സരത്തിൽ ലോക വിജയിയാകും. അവൾക്കു പിന്നിൽ പ്രോത്സാഹനത്തിന്റെ കൈകളുമായി സദാ ‘അമ്മ നിന്നു.
ഒരു വര്ഷം കൊണ്ടവൾ നടന്നെന്നു മാത്രമല്ല, ഓടാനും തുടങ്ങി. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ തന്റെ കുഞ്ഞിന്റെ കാലുകളെ താങ്ങിയിട്ടുണ്ടെന്നു അമ്മയ്ക്കറിയാമായിരുന്നു. അവർ അവളെ ഒരു പരിശീലകന്റെ പക്കലയച്ചു.
വിൽമ കൊച്ചിനോട് പറഞ്ഞു: “എനിക്ക് വിജയിക്കണം. അങ്ങെന്നെ പരിശീലിപ്പിക്കണം.”
പരിശീലകൻ അവളെ പ്രോത്സാഹിപ്പിച്ചു.
“അതെ! വിൽമ നിന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ ആകാശം പോലും കീഴടങ്ങും. നീ വിജയിയാകും.”
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും” (ഫിലി. 4:13) എന്ന് പറഞ്ഞ ദൈവത്തിന്റെ കൈകളിൽ പിടിച്ചവൾ ഓടിത്തുടങ്ങി. ഉയരങ്ങൾ അവളുടെ കറുത്ത് വളഞ്ഞ കാലുകളെ ചുംബിച്ചുകൊണ്ട് താഴേയ്ക്ക് ഓടി ഇറങ്ങി. ഒടുവിൽ 1960 ലെ റോം ഒളിമ്പിക്സിൽ അവൾ അന്നത്തെ ലോക വിജയിയെ പിന്തള്ളി സ്വർണം കരസ്ഥമാക്കി. 100 മീറ്ററിൽ മാത്രമല്ല 200 മീറ്ററിലും 400 മീറ്ററിലും വിൽമയ്ക്കായിരുന്നു ആ വര്ഷം സ്വർണമെഡൽ.
പ്രിയ മാതാപിതാക്കളെ, നിങ്ങളുടെ മക്കൾക്ക് ആവശ്യം നിങ്ങളുടെ പ്രോത്സാഹനവും കരുതലും അനുഗ്രഹവുമാണ്. അതെല്ലാം വാരിക്കോരി കൊടുക്കുക.ലോകത്തിനു ഇനിയും അനേകം ‘വിൽമ’മാരെ ആവശ്യമുണ്ടല്ലോ.
മാത്യു മാറാട്ടുകളം