ഉത്തമ സുഹൃത്ത്

വിശ്വവിഖ്യാതനായ അമ്മേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ ജീവിതത്തിൽ നിന്നടർത്തിയെടുത്ത ഒരു സംഭവമാണ് ഇവിടെ നമ്മൾ അനുസ്മരിക്കുന്നത്. ഒരു വലിയ ദുർഘടഘട്ടത്തിലാണ് അദ്ദേഹം അമേരിക്ക ഭരിച്ചിരുന്നത്. ആഭ്യന്തരയുദ്ധം കൊടുംപിരികൊണ്ടിരുന്ന സമയം. രാഷ്ട്രത്തിനു മുഴുവൻ നന്മവരുമെന്ന ഉത്തമവിശ്വാസത്തിൽ ലിങ്കൺ ഒരു പൊതുപ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ ഉത്തമസുഹൃത്ത് ഒരു വലിയ സമ്മേളനത്തിൽ ലിങ്കന്റെ പ്രസ്താവന രാഷ്ട്രത്തെ അപകടത്തിലേക്ക് നയിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചു.

ഇക്കാര്യം ലിങ്കന്റെ മറ്റുചില ഉത്തമസുഹൃത്തുക്കൾ അദ്ദേഹത്തെ ശീഘ്രം ധരിപ്പിച്ചു. ഈ വാർത്ത അദ്ദേഹത്തെ ഒട്ടും അസ്വസ്ഥനാക്കിയില്ലെന്നു മാത്രമല്ല, മറുപടിയായി നന്ദി അറിയിച്ചുകൊണ്ട് അവരോടുപറഞ്ഞു: നിങ്ങൾ പറയുന്ന ആൾ എന്റെ ഉത്തമ സുഹൃത്താണ്. അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അതിനു മതിയായ കാരണവും നീതീകരണവും കാണും. അദ്ദേഹവുമായിത്തന്നെ ഞാൻ ഇക്കാര്യം ചർച്ചചെയ്യുകയും ചെയ്യും.

ലിങ്കൺ ഇക്കാര്യം നിരവധി വിദഗ്ദ്ധരോടു ചർച്ചചെയ്തശേഷം തന്റെ പ്രേഷ്ഠസുഹൃത്തിനെ ക്ഷണിച്ചുവരുത്തി. അദ്ദേഹവുമായി സുദീർഘമായ ചർച്ചകളും നടത്തി. ഇവയിൽനിന്നെല്ലാം അദ്ദേഹം പഠിച്ചകാര്യം തന്റെ തീരുമാനം തെറ്റായിരുന്നു. അതു രാഷ്ട്രത്തിനു നന്മചെയ്യുകയില്ല, ചില തിന്മകൾ വരുത്തിക്കൂട്ടാൻ സാധ്യതയുണ്ട് എന്നാണ്. സത്വരം അദ്ദേഹം രാഷ്ട്രത്തോടു മുഴുവനായും മാപ്പുചോദിച്ചുകൊണ്ട് തന്റെ തെറ്റായ തീരുമാനം നിരുപാധികം പിൻവലിക്കുന്നുവെന്നു പ്രാഖ്യാപിക്കുകയും ചെയ്തു.

മനുഷ്യജീവിതത്തിലെ ഒരു പ്രധാനപ്രതിഭാസമാണ് സൗഹൃദം. ഒരു അസാധാരണ സൗഹൃദത്തിന്റെ ഉദാഹരണമാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നാം കാണുന്ന, കാണേണ്ട, അസാധാരണത്വം എന്താണ്? ഒരു സുഹൃത്തിനെയും ഒരു രാഷ്ട്രത്തെയും അപകടത്തിൽനിന്നു രക്ഷിക്കാൻവേണ്ടി ആ സുഹൃത്തിന്റെ തെറ്റു ചൂണ്ടിക്കാട്ടിയ ആൾ അബ്രഹാം ലിങ്കന്റെ ഗുണകാംക്ഷിയാണ്. യഥാർത്ഥത്തിൽ ഒരു ഉത്തമ സുഹൃത്താണ്. നാം തെരഞ്ഞെടുക്കുന്ന കൂട്ടുകാർ നല്ലവരാണെന്ന് ഉറപ്പാക്കണം. നമ്മുടെയും മറ്റുള്ളവരുടെയും നന്മ ആഗ്രഹിക്കുന്നവരും സൽഗുണസമ്പന്നരും ഈശോ നമ്മെ സ്‌നേഹിച്ചതുപോലെ നമ്മെ സ്‌നേഹിക്കുന്നവരായിരിക്കണം. എത്രയോ മനുഷ്യരാണ് സ്‌നേഹിതരെന്ന ഭാവേന കോടികളെ മദ്യത്തിൽ മുക്കിക്കൊന്നിട്ടുള്ളത്? ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഇന്നും എക്കാലവും സുലഭമാണ്.

Tell me who your friend is, I’ll tell you what your character is നിന്റെ സുഹൃത്ത് ആരെന്ന് എന്നോടു പറയുക (ഉടനെ) നിന്റെ സ്വഭാവം എന്താണെന്ന് ഞാൻ പറയാം) എന്നത് ഒരു ചൈനീസ് സൂക്തമാണ്. പക്വതയും പൗരാണികത്വവും പ്രായോഗികബുദ്ധിയും പരിചയവും പരിജ്ഞാനവും പരിചിന്തനവും എല്ലാം സമജ്ജസമായി സമ്മേളിക്കുന്ന മേഖലയാണ് പഴഞ്ചൊല്ലുകൾ. ലിങ്കണോടും അമേരിക്കൻ ജനതയോടുമുള്ള സ്‌നേഹവും പ്രതിബദ്ധതയുമാണ് ലിങ്കന്റെ തെറ്റു ചൂണ്ടിക്കാട്ടാൻ ലിങ്കന്റെ ഉത്തമ സുഹൃത്തിനെ പ്രേരിപ്പിച്ചത്.