ഉണ്ണീശോ എനിക്ക് പ്രത്യക്ഷപ്പെട്ടാൽ!

ജീവിതത്തിന്റെ വൈശിഷ്ട്ട്യമാണ്‌ അനന്യത. ഓരോ  വിശുദ്ധനും വിശുദ്ധയും അനന്യരാണ്. ‘അമ്മ ത്രേസ്യയ്ക്കും കൊച്ചു ത്രേസിയായിക്കും അവരുടെ ആധ്യാത്മിക സ്വത്വം തനിമയുണ്ട്. ഇവരെ അനുസരിച്ചു, ആദരിച്ചു, അനുകരിച്ചു സഞ്ചരിച്ചാൽ സ്വർഗ്ഗത്തിലെത്താം. പരിശുദ്ധ അമ്മയുടെ ദർശനങ്ങൾക്ക് അവകാശിനിയായി വിശ്വവിഖ്യാതയായി വിശുദ്ധ ബർണദീത്ത. തന്റെ ദൈവവിളി തിരിച്ചറിഞ്ഞു അവൾ സന്യാസ ഭവനത്തിൽ ചേർന്നു. അർത്ഥിനിയായിരിക്കെ, ഒരു ഉല്ലാസവേളയിൽ, എല്ലാവരുടെയും സാന്നിധ്യത്തിൽ ബഹു. മഠാധിപ അവളോട് ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള ഒരു ചോദ്യം ചോദിച്ചു. ചോദ്യം ഇതായിരുന്നു: “മകളെ, ബർണദീത്ത, നിനക്ക് ഉണ്ണീശോ പ്രത്യക്ഷപ്പെട്ടാൽ നീ എന്തുചെയ്യും? ‘അമ്മ ത്രെസിയയെപ്പോലെ നിയമം അനുസരിക്കുന്നതിനു വേണ്ടി ഉണ്ണീശോയെ തനിച്ചിരുത്തിയതിനു ശേഷം ഭക്ഷണത്തിനു പോകുമോ? അതോ, ഭക്ഷണം ഉപേക്ഷിച്ചു ഈശോയുമായുള്ള സംഭാഷണം തുടരുമോ?” കൊച്ചു സന്യാസിനി ഉത്തരം പറയാതെ പകച്ചു നിന്നുപോകുമെന്നാവാം മഠാധിപ വിചാരിച്ചതു.
പക്ഷെ സന്നിഹിതരായിരുന്നവരെയെല്ലാം അത്യന്തം വിസ്മയിപ്പിച്ചു, ഏറ്റം വിസ്മയകരമായ ഒരു മറുപടിയാണ് ബർണദീത്ത നൽകിയത്. ഒട്ടും ആലോചിക്കാതെ തന്നെ സത്വരം അവൾ പറഞ്ഞു: “ഞാൻ ഇതു രണ്ടും ചെയ്യുകയില്ല.” അവളുടെ മറുപടി സകലരെയും സ്തബ്ധരാക്കി. മുതിർന്ന സഹോദരിമാർ പലരും പിറുപിറുത്തു” ‘ധിക്കാരം!” “മാതാവ് പ്രത്യക്ഷപ്പെട്ടതിലുള്ള അഹന്ത!” സധൈര്യം ബർണദീത്ത തന്റെ വിശദീകരണത്തിലേക്കു കടക്കുകയായി. “നിയമാനുഷ്ട്ടാനത്തിന്റെ പേരിൽ ഒരിക്കലും ഉണ്ണീശോയെ തനിച്ചിരുത്തിയിട്ടു ഞാൻ ഭക്ഷണത്തിനു പോകുകയില്ല. ഉണ്ണിശോയുടെ പേരിൽ നിയമം ഞാൻ ലംഘിക്കുകയുമില്ല. പകരം, ഞാനെന്റെ ഉണ്ണീശോയെ എടുത്തു അവിടുത്തോടു വർത്തമാനം പറഞ്ഞു ഞങ്ങൾ രണ്ടുപേരുംകൂടി ഭക്ഷണമേശയിൽ എത്തും.അവിടെ ഞങ്ങൾ സ്നേഹസംഭാഷണം നടത്തി ഒരുമിച്ചു ഭക്ഷണം കഴിക്കും.”   ഇതാ, ആത്മീയതയുടെയും ബലിജീവിതത്തിന്റെയും നവമായൊരു മാനം ഒരു കൊച്ചു വിശുദ്ധയിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്നു.
ഈ വിശുദ്ധയുടെ ഭൗതിക  ശരീരം ഫ്രാൻസിലെ നെവേറെയിൽ നൂറ്റാണ്ടുകൾ അതിജീവിച്ചു അഴുകാതിരിക്കുന്നു! ദൈവം ആ വിശുദ്ധ ജീവിതത്തെ എത്രമാത്രം വിലമതിക്കുന്നു, മാനിക്കുന്നുവെന്നു നമുക്ക് ഈ മഹാ അത്ഭുതത്തിൽ നിന്നും നിഗമിക്കാം. വിശുദ്ധിയുടെ മൂല്യത്തിന്റെ ഭൂമിയിലെ മഹാസാക്ഷ്യം! ഈശോയിൽ, ഈശോയോടൊപ്പം, ഈശോയിൽത്തന്നെ (പരിശുദ്ധ പരമ ത്രീത്വത്തിൽ, പരിശുദ്ധത്രീത്വത്തോടൊപ്പം, പരിശുദ്ധ ത്രീത്വത്തിൽത്തന്നെ) എപ്പോഴും എവിടെയും എല്ലാ കാര്യങ്ങളിലും വ്യാപാരിക്കുക എന്നതാണ് ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാനശില.