ഈശോപോലും കരഞ്ഞില്ലേ?

സുഹൃത്തുക്കളേ,

ഈയുള്ളവൻ കർത്താവിന്റെ പുരോഹിതനായിട്ട് 45  വർഷം പൂർത്തിയാക്കുവാൻ ഏതാനും ദിവസങ്ങളേ അവശേഷിക്കുന്നുള്ളൂ. ധാരാളം സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി പങ്കെടുക്കുന്നത് അപകട മരണം സംഭവിച്ച ഒരു യുവാവിന്റേതായിരുന്നു. മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും പ്രാർത്ഥനകളൊക്കെ സ്വരത്തിൽ സ്‌പഷ്ടമായി ചൊല്ലാനും ആവും വിധമൊക്കെ പാടാനും കഴിഞ്ഞു. ബന്ധുമിത്രാദികൾ മിക്കവാറും മനം നൊന്തു കരയുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ കരളലിയുന്നതുപോലെ തോന്നി. ചുരുങ്ങിയ ഒരു കാലഘട്ടത്തിലേക്കു കൂടി മരണവീട്ടിൽ കരയുന്നവരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. കാലം “പുരോഗമിച്ചു, പുരോഗമിച്ചു” കാലക്രമത്തിൽ മരിച്ചവീട്ടിൽ കരയുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു  കൊണ്ടിരുന്നു. “പുരോഗമനം” പാരമ്യത്തിലെത്തി .ഇന്നു മരണവീട്ടിൽ സ്വന്തം മക്കൾ പോലും “ആത്മസംയമനം”  പാലിക്കുന്നു. മാത്രമല്ല, മിക്കവരും തന്നെ “വാചാലരാണ്” ശവമഞ്ചത്തിന്‌ ചേർന്ന് നിന്ന് കൊണ്ട് ലോകകാര്യങ്ങൾ മാത്രമല്ല, രാഷ്ട്രീയം പോലും പറയുന്ന കാലമായിരിക്കുന്നു! ചിലയിടങ്ങളിൽ മൈക്കിലൂടെത്തന്നെ ഗൗരവമായി ശകാരിക്കേണ്ടി വന്നിട്ടുണ്ട്. അധികാരം ഒന്നുമുണ്ടായിട്ടല്ല, മനുഷ്യത്വം മൂലം മാത്രം. ഏതാനും വർഷങ്ങൾക്കു മുമ്പ് “പതിനായിരങ്ങൾ” മെത്രാപ്പോലീത്ത മാർ, മെത്രാന്മാർ, നൂറുക്കണക്കിന് വൈദികർ, “ആയിരക്കണക്കിനു” കന്യാസ്ത്രീകൾ, കണക്കില്ലാതെ പ്രമുഖർ, പിന്നെ ഒത്തിരി ജനങ്ങൾ- ഒത്തു ചേർന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനിടയായി. പുരോഹിത വിഭാഗം‘, പ്രാർത്ഥന ചൊല്ലിയും പാടിയും  സംസാരിച്ചു നീങ്ങി. കൂടിച്ചേർന്നവരെല്ലാം സംസാരവും ചിരിയും എല്ലാം. ഈയുള്ളവനും “വഴക്കു പറയാൻ” സംസാരിച്ചു. ചുരുക്കത്തിൽ നിശബ്ദനായി സിമിത്തേരിയിലേക്കു പോയത് ശവമഞ്ചത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന മുതൽ മാത്രം!

         ആറു മക്കളുള്ള ഒരു പിതാവിന്റെ സംസ്കാരശുശ്രൂഷ ഓർമ്മയിൽ പച്ചയായി നിൽക്കുന്നു. വീട്ടിലെ ശുശ്രൂഷ മാത്രമേ  പങ്കെടുക്കാൻ  കഴിഞ്ഞുള്ളു. ശുശ്രൂഷയ്ക്ക് കുറച്ചു മുമ്പ് തന്നെ ഭവനത്തിലെത്തി. മൃതനെ നോക്കി മനസ്സിൽ അനുശോചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ശവമഞ്ചത്തിനു ചുറ്റും ഉന്നതരായ മക്കൾ എല്ലാവരും കാണുമല്ളോ എന്ന് കരുതി ശ്രദ്ധിച്ചപ്പോൾ ആരുമില്ല. മൃതനായ പിതാവിന് ശുദ്ധവായു കിട്ടട്ടെ, വിയർക്കാതിരിക്കട്ടെ എന്ന് കരുതി, മക്കളും മറ്റുള്ളവരും മഞ്ചത്തിൽ നിന്ന് “respectable distance-ൽ ” ഉണ്ടായിരുന്നത്രെ. മഞ്ചം വീട്ടിൽ നിന്നെടുക്കുന്ന സമയം വന്നു. ആരൊക്കെയോകൂടി എടുത്തു വണ്ടിയിൽ കയറ്റി. എല്ലാവരും മുമ്പോട്ടു ലൈനായി നീങ്ങാൻ “നിർദേശിക്കപ്പെട്ടത് കൊണ്ടാവാം”. ആ വണ്ടിയുടെ സമീപത്തുപോലും  ആരുമുണ്ടായിരുന്നില്ല. അച്ചൻ വണ്ടിയിലെ ഒഴിഞ്ഞു കിടന്ന സീറ്റിൽ കയറിയിരുന്നു. സങ്കടം തോന്നി, ഒരാളോട് ചോദിച്ചപ്പോഴാണ് ആറുമക്കളുണ്ടെന്നും  അവരെല്ലാവരും വേറെ വേറെ വണ്ടികളിൽ കയറി മുമ്പോട്ടു പോയെന്നും അറിവ് കിട്ടിയത്!

നമ്മുടെ “കഥാകാര്യകൃത്തച്ചൻ” ഇന്നു പറഞ്ഞ  സ്വാനുഭവം കൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ. ഒരു രാത്രി വളരെ വൈകി, നീണ്ട calling bell കേട്ട്  ഉണർന്നെഴുന്നേറ്റു വാതിൽ തുറന്നപ്പോൾ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഒരു യുവാവ്. “എന്താ മോനെ കരയുന്നതു” അച്ചൻ ചോദിച്ചു . “എന്റെ ചേട്ടൻ മരിച്ചു പോയി”. “എത്ര വയസ്സുണ്ടായിരുന്നു?”, “39 “. “എന്ത് സംഭവിച്ചു”,” അച്ചാ, കുടിച്ചു കിഡ്‌നി രണ്ടും പൂർണ്ണമായി നശിച്ചു, മഹോദരം പിടിച്ചു, ഒരു കടത്തിണ്ണയിൽ കിടന്നാണ് മരിച്ചത്”. “അതെന്താ അങ്ങനെ”. “കുടിച്ചു പൂസ്സായി വീട്ടിൽ വന്നിട്ട് ചേച്ചിയെ ഇടിച്ചും തല്ലിയും പീഡിപ്പിച്ചു പീഡിപ്പിച്ചു മനസികരോഗിയാക്കി. മദ്യപാനത്തിന്റെ  പിടിയിൽ രണ്ടു മക്കൾ ജനിച്ചു. ഒന്ന് ഭിന്നശേഷിയുള്ളതും മറ്റേതു ഓട്ടിസം ബാധിച്ചതുമാണ്. ഗത്യന്തരമില്ലാതെ, ചേച്ചിയുടെ വീട്ടുകാർ അവരെ കൊണ്ടുപോയി ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അച്ചാ, ചേട്ടന് പള്ളിയും പട്ടക്കാരനുംഒന്നുമുണ്ടായിരുന്നില്ല. ഒറ്റയ്ക്കായിക്കഴിഞ്ഞു, കുടിച്ചു മത്തനായി കടത്തിണ്ണകളിലും വെയിറ്റിംഗ് ഷെഡുകളിലും കള്ളുഷാപ്പിന്റെ പരിസരത്തുമൊക്കെയാണ് രാത്രികൾ കഴിച്ചുകൂട്ടിയിരുന്നത്. ദയവുതോന്നി , ചേട്ടനെ നമ്മുടെ സിമിത്തേരിയിൽ സംസക്കരിക്കണമച്ചാ!”. “വേണ്ടത്  ചെയ്യാം മോനൂ”, അച്ചൻ സമ്മതിച്ചു.

ഉച്ചകഴിഞ്ഞു അച്ചൻ വീട്ടിൽ ശുശ്രൂഷയ്‌ക്കെത്തി . അപ്പനും അമ്മയും, ദൂരേക്കുനോക്കി ജീവച്ഛവം പോലെ നിൽക്കുന്ന ഭാര്യയും നിത്യരോഗികളായ രണ്ടുകുട്ടികളും ഉൾപ്പടെ 15  പേരോളം അവിടെയുണ്ടായിരുന്നു . പ്രാർത്ഥനകഴിഞ്ഞു, അപ്പനും അമ്മയും മകനെ ചുംബിച്ചു. ഭാര്യയുടെ തല ആരോ പിടിച്ചു താഴ്ത്തിയിട്ടുപോലും അവൾ ചുംബിച്ചില്ല. കുട്ടികൾക്ക് പേടിയാണെന്ന് പറഞ്ഞു.

സിമിത്തേരിയിൽ അഞ്ചെട്ടുപേർ “വെള്ളമല്ല, വെള്ളപ്പൊക്കത്തിൽ” എത്തി. ചുംബിക്കാനുള്ള സമയമായെന്ന് പറഞ്ഞപ്പോൾ അവർ അവനെ “പുളിച്ച തെറി” ചേർത്ത് വിളിച്ച്, കുറ്റപ്പെടുത്തി, ശപിച്ച് അവന്റെ മുഖത്തു കമിഴ്ന്നു കിടന്നു. എങ്ങനെയൊക്കെയോ മാറ്റിയിട്ട് സമാപന പ്രാർത്ഥനകൾ ചൊല്ലി. സുബോധമുണ്ടായിരുന്നവർ കുഴിയിലെടുത്തുവച്ചു . നമ്മുടെ അച്ചൻ ചോദിച്ച് അവസാനിപ്പിച്ചു: “എന്തുകൊണ്ടാ കരയാൻ ആളില്ലാത്തതു? ചിരിക്കാനും ആഘോഷിക്കാനും മുതിരുന്നത്? അപ്പൻ അപ്പനായും അമ്മ അമ്മയായും ഭർത്താവു ഭർത്താവായും ഭാര്യ ഭാര്യയായും മക്കൾ മക്കളായും ജീവിക്കാത്തതുകൊണ്ടല്ലേ? നിങ്ങളും ഞാനും മരിക്കുമ്പോൾ മനം നൊന്തു കരയാൻ ആരെങ്കിലും ഉണ്ടാകുമോ? ലാസറിന്റെ മരണത്തിൽ ഈശോ പോലും കരഞ്ഞില്ലേ?”