ഇവരെ അവഗണിക്കാമോ?

ലോകമെമ്പാടും 20 ലക്ഷം സന്യസ്തരും 5 ലക്ഷം വൈദികരും സർവ്വസംഗപരിത്യാഗികളായി എളിയവയും വലിയവയുമായ ആയിരമായിരം ജോലികളിൽ വ്യാപൃതരായിരിക്കുന്നുണ്ട്. ഇവരൊക്കെ ത്യാഗോചലവും സർവ സമർപ്പിതവുമായ പുണ്യ ജീവിതം നയിക്കുന്നു. തങ്ങളുടെ ഏറ്റവും എളിയ ശുശ്രൂക്ഷകൾ പോലും അവർ അതീവ സന്തോഷത്തോടെ ചെയ്തുകൊണ്ട് ദൈവമഹത്വവും ദൈവമക്കളുടെ നന്മയും അനുനിമിഷം ഉളവാക്കുന്നു.
ഇപ്രകാരം പ്രഭുകുമാരനായിരുന്ന, ഭാവിയിൽ പ്രഭുക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഭരണാധികാരിയായി, മാടമ്പിമാരെ ചൊല്പടിയിൽ നിർത്തി, ലിസ്ബൻറെ ഭരണസാരഥ്യം ഏറ്റെടുക്കേണ്ടിയിരുന്ന ഫെർണാണ്ടോ, സർവ്വതും ഉപേക്ഷിച്ചിറങ്ങി അഗസ്റ്റീനിയൻ സന്യാസസഭയിൽ അംഗമായി. പിൽക്കാലത്തു മാതാപിതാക്കൾ കാണാൻ ചെന്നപ്പോൾ ലൈബ്രറി തുണി വൃത്തിയാക്കുന്ന മകനെയാണ് അവർ കണ്ടത്! എങ്കിലും അവന്റെ മുഖം പ്രസന്നവും പ്രഭുല്ലവുമായിരുന്നു. ഈശോ ശിഷ്യന്മാരോട് പഠിക്കാൻ പറഞ്ഞത് എളിമയും ശാന്തതയുമാണ്. സന്യാസനിയമങ്ങൾ കൃത്യമായി അനുസരിച്ചു വിശുദ്ധിയുടെ പടവുകൾ കയറിയവരാണ് വിശുദ്ധാത്മാക്കൾ.
വർഷങ്ങൾ പിന്നിട്ടു. ഒരു ദിവസം ഫെർണാണ്ടോ, ശാന്തനായി, വിനയാന്വതനായി ആശ്രമശ്രേഷ്ട്ടന്റെ മുറിയിലെത്തി അപേക്ഷിക്കുന്നു. അച്ഛാ, എന്റെ വീട് ആശ്രമത്തിനു ഏറെ അടുത്തായതുകൊണ്ടാണ് ഇത്രയധികം ആളുകൾ എന്നെ കാണാൻ ആശ്രമത്തിലെത്തുന്നത്. ഞാൻ ഇവിടെ വന്നത് ദൈവത്തെ മാത്രം തേടിയാണ്. എന്നാൽ രാജകൊട്ടാരവും അതിന്റെ ആലോചനകളും ലിസ്ബൺ നഗരവും അതിന്റെ ചൂടുള്ള വാർത്തകളും ചെവിയിലെത്തുന്നു. എന്റെ കുടുംബത്തിന്റെ വിശ്വസ്തർ എന്നെ സന്ദർശിക്കാൻ എത്തുന്നത് ആശ്രമത്തിൽ നിന്നും എന്നെ പുറത്തുചാടിച്ചു വീട്ടിലെത്തിക്കാനുമുള്ള പല കുതന്ത്രങ്ങളുമായാണ്. അതുകൊണ്ടു ആർക്കും എത്താനാവാത്തവിധം അകലെ, കോയിബ്ബ്രയിലേക്കു  എന്നെ  സ്ഥലം മാറ്റണമെന്ന് അപേക്ഷിക്കുന്നു.
ഏഴു ദിവസത്തെ ദുർഘട യാത്രയുണ്ട് അവിടെയെത്താൻ! ഫെർണാണ്ടോ തന്റെ സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചു കോയിബ്ബ്രയിൽഎത്തി. ‘അമ്മ ഡോണ ഈ വാർത്ത കേട്ട് ഞെട്ടി. ‘തന്റെ മകൻ സമ്പത്തും സ്ഥാനമാനങ്ങളും ഇപ്പോഴിതാ മാതാപിതാക്കളെയും സഹോദരങ്ങളെയും  ഉപേക്ഷിച്ചിരിക്കുന്നു!’
ഈ ഫെർണാണ്ടോ ആണ് പിന്നീട് അഗസ്റ്റീനിയൻ സന്യാസസമൂഹം വിട്ടു കൂടുതൽ പരിത്യാഗതലം തേടി അസ്സീസിയിലെ ഫ്രാൻസിസ് പിതാവിനെ അനുകരിച്ചു ഫ്രാൻസിസ്ക്കൻ സന്യാസിയായിത്തീർന്ന വി. ആന്റണി.