ആൽബിയുടെ ഭക്ഷണം അമ്മയുടെ സ്നേഹം

ഒരു ദിവസം കുട്ടിയായ ആൽബിയുടെ ക്ലാസ്സിൽ പുതിയ ടീച്ചർ വന്നു. ആദ്യ ദിവസമായതിനാൽ പ്രത്യേകിച്ച് എന്തെങ്കിലും പഠിപ്പിക്കുന്നതിന്പകരം കുട്ടികളെയെല്ലാം പരിചപ്പെടുന്നതിനും കുശലാന്വേഷണങ്ങൾ നടത്തുന്നതിനുമായി ആ ദിവസം മാറ്റിവയ്ക്കാൻ ടീച്ചർ തീരുമാനിച്ചു.
ടീച്ചർ, ഓരോരുത്തരെയായി അടുക്കൽവിളിച്ചു പേരും മറ്റു വിവരങ്ങളും ബ്രേക്ഫാസ്റ്റിനു കഴിച്ചതെന്താണെന്നും ചോദിച്ചു. ഓരോ കുട്ടിയും പേരും വിവരങ്ങളും പറയുന്നതോടൊപ്പം തങ്ങൾ രാവിലെ കഴിച്ചതെന്താണെന്നും പറഞ്ഞു. ബിസ്ക്കറ്റ്, നൂഡിൽസ്, ഓട്സ് തുടങ്ങിയ ന്യൂ ജിൻേറഷൻ വിഭവങ്ങളായിരുന്നു മിക്ക കുട്ടികളും ബ്രെക്ഫാസ്റ്റിനു കഴിച്ചിരുന്നത്. അങ്ങനെ ആൽബിയുടെ ഊഴമായി. രാവിലെ കഴിച്ചതെന്താണെന്ന ടീച്ചറുടെ ചോദ്യത്തിന് സ്വതസിദ്ദമായ കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു: “അമ്മയുടെ സ്നേഹം.” തികച്ചും വ്യത്യസ്തവും അസാധരണവുമായ മറുപടി കേട്ട് ടീച്ചർ ചോദ്യം ആവർത്തിച്ചു.
“ബ്രേക്ഫാസ്റ്റിനു എന്തായിരുന്നുവെന്നാണ് ഞാൻ ചോദിച്ചത്.”
‘അമ്മയുടെ സ്നേഹമാണ് കഴിച്ചതെന്ന് ഞാൻ പറഞ്ഞില്ലേ’ ആൽബിയുടെ മറുപടി പെട്ടന്നായിരുന്നു.
‘കുട്ടി എന്താണീപറയുന്നതെന്നു എനിക്ക് മനസിലാകുന്നില്ല’ ടീച്ചർ തന്റെ നിസഹായത വ്യക്തമാക്കി.
‘ടീച്ചർ തോറ്റെങ്കിലും ഞാൻ പറയട്ടെ?’ കുസൃതിച്ചിരിയുടെയിടയിലും ഒരു വിജയഭാവം അവന്റെ മുഖത്ത് തെളിഞ്ഞു.
‘ശരി, ആൽബി പറയു…’
കുഞ്ഞുകൈകളെടുത്തു ആംഗ്യഭാഷയുടെ സഹായത്തോട് ആൽബി പറയുവാൻ തുടങ്ങി.
‘ഇന്ന് രാവിലെ എനിക്കുവേണ്ടി അപ്പം ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അപ്പം വേണ്ട നൂഡിൽസ് മതിയെന്ന്. അതുകേട്ടതും അമ്മയെക്കു വിഷമമായി. ‘അമ്മ പറഞ്ഞു നൂഡിൽസ് ഒകെ വലിയ കമ്പനിക്കാരെ അവരുടെ ലാഭത്തിനുവേണ്ടി ഉണ്ടാക്കി വിൽക്കുന്ന സാധനങ്ങളാ. എന്നാൽ ഇതു എന്റെ ആല്ബിമോന്  തരാൻവേണ്ടിമാത്രം ഇന്നലെത്തന്നെ അരച്ചുവച്ചു ഇന്നു രാവിലെ ചെറിയ തീയിൽ അലപ്പംപോലും  കരിയാതെ ഉണ്ടാക്കിത്തരുന്നത് അമ്മയെക്കു കൊച്ചിനോടുള്ള സ്നേഹം കൊണ്ടാ. ഞാനെന്നല്ല എല്ലാ അമ്മമാരും സ്വന്തം കുട്ടികൾക്കുവേണ്ടി ശ്രദ്ദയോടെ തയാറാക്കുന്ന ഭക്ഷണം ഒരർത്ഥത്തിൽ അമ്മമാരുടെ സ്നേഹം തന്നെയാ.’
ഒന്ന് നിർത്തിയശേഷം ആൽബി തുടർന്നു
അത്രയും പറഞ്ഞശേഷം ‘അമ്മ എന്നോട് ചോദിച്ചു- ആൽബി ആരുടേയാ… യേശുവിന്റെയോ സാത്താന്റെയോ
‘ആൽബി എന്തുപറഞ്ഞു?’ അവന്റെ അവതരണത്തിൽ ലയിച്ചിരുന്നു ടീച്ചർ അറിയാതെ ചോദിച്ചുപോയി.
‘സാത്താന്റെതാണെന്നു നല്ല കുട്ടികളാരെങ്കിലും പറയുമോ? ഞാൻ പറഞ്ഞു യേശുവിന്റേതാണെന്നു. ഈ ടീച്ചർക്ക് ഒന്നും അറിയില്ല.’
‘അപ്പോൾ ‘അമ്മ എന്ത് പറഞ്ഞു?’ പറ്റിയ അബദ്ധം മറച്ചുവച്ചുകൊണ്ടു ടീച്ചർ ചോദിച്ചു.
‘യേശുവിന്റെ ആൽബിക്ക് നൂഡിൽസ് വേണു അതോ അമ്മയുടെ സ്നേഹം വേണോ എന്ന് ചോദിച്ചു. അമ്മയുടെ സ്നേഹം മതിയെന്നും പറഞ്ഞു ‘അമ്മ തനതു ഞാൻ കഴിക്കുകയും ചെയിതു. അതുകൊണ്ടാ ടീച്ചർ ചോദിച്ചപ്പോൾ  ഞാൻ പറഞ്ഞത് അമ്മയുടെ സ്നേഹമാണ് ബ്രേക്ഫസ്റ്ന് കഴിച്ചതെന്ന്’ ആൽബി പറഞ്ഞവസാനിപ്പിച്ചു.
ടീച്ചർ ഏതാനും നിമിഷങ്ങൾ അവനെത്തന്നെ നോക്കിയിരുന്നു. അവനോടു കൂടുതലെന്തെങ്കിലും പറയുവാൻ സത്യത്തിൽ ടീച്ചറിന് വാക്കുകൾ കിട്ടിയില്ല. ‘മോൻ സീറ്റിൽ പോയിരുന്നൊള്ളു…’ ടീച്ചർ ആൽബിയെ പറഞ്ഞയച്ചു.
അവിവാഹിതയായ ആ ടീച്ചർ തനിക്കു ഒരു പരിധിവരെ മാത്രം ഊഹിക്കുവാൻ കഴിയുന്ന മാതൃസ്നേഹത്തിന്റെ  അനന്തസീമകളെപ്പറ്റി ചിന്തിച്ചും ഭാവിയിൽ തന്റെ ജീവിതത്തിലേക്ക് ഭർത്താവായി കടന്നുവരുന്ന ആൾക്കും, ദൈവം തരുന്ന കുട്ടികൾക്കും ഭക്ഷണത്തളികയിൽ സ്നേഹം വിളമ്പുന്നത് സ്വപ്നം കണ്ടു അൽപ്പനേരം പരിസരം മറന്നു ഇരുന്നുപോയി.
റോബിൻ സഖറിയാസ്