ആൽബിയും കുഞ്ഞിയും

ആൽബിയുടെ പ്രിയപ്പെട്ട കാളികൂട്ടുകാരനാണ് കുഞ്ഞി എന്ന കണ്ടൻപൂച്ച. ആൽബി സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ മുതൽ പിറ്റേന്ന് രാവിലെ സ്കൂളിൽ പോകുന്നതുവരെ മിക്കസമയത്തും കുഞ്ഞി അവന്റെ കൂടെത്തന്നെ ഉണ്ടാകും.
ഒരു ദിവസം ആൽബിയുടെ ‘അമ്മ ജെസ്സി അവനോടു ചോദിച്ചു: ‘കുഞ്ഞിയെ നിനക്കുമാത്രമല്ല എവിടെ എല്ലാവര്ക്കും ഇഷ്ട്ടമാ. എന്തുകൊണ്ടാണെന്ന് പറയാമോ?’
‘എന്റെ കൂടെ കളിക്കുന്നതുകൊണ്ട്.’ മറുപടി പറയുവാൻ ആൽബിക്ക് അധികം ആലോചിക്കേണ്ടിവന്നില്ല.
‘അതുകൊണ്ടല്ല’
‘പിന്നെ എന്തുകൊണ്ട?’
‘മോൻ ഒന്നാലോചിച്ചു നോക്ക്’
‘കാണാൻ നല്ല ഭംഗിയുള്ളതുകൊണ്ടാണോ?
‘അതുകൊണ്ടുമല്ല’
‘എന്നാൽ അമ്മതന്നെ ഉത്തരം പറയ്. ഇത്തവണ ഞാൻ തോറ്റു.’
‘തോൽവി സമ്മതിക്കുന്നതിനു മുൻപ് ഒരു ക്ലൂ വേണോ?’
‘വേണം വേണം. ‘അമ്മ ക്ലൂ താ’ ആൽബിക്ക് ആവേശമായി.
‘ശരി. നമ്മൾ സാധാരണ പൂച്ചയെ വീട്ടിൽ വളർത്തുന്നതതെന്തിനാ?’ ജെസ്സിയുടെ ക്ലൂ അടുത്ത ചോദ്യമായിരുന്നു.
‘എലിയെ പിടിക്കാൻ’
‘അതെ, എലിയെ പിടിക്കാൻ. പക്ഷെ അതുകൊണ്ടുമാത്രം പൂച്ചയെ എല്ലാവരും ഇഷ്ടപ്പെടുമോ?’
‘പിന്നെ പൂച്ച വേറെ ജോലി എന്തെങ്കിലും ചെയ്യുമോ?’ ആൽബിക്ക് ചിരിവന്നു.
‘പൂച്ച വേറെ ജോലി ഒന്നും ചെയിതു സഹായിക്കേണ്ട പക്ഷെ…’ ജെസ്സി പറഞ്ഞത് പൂർത്തിയാക്കാതെ നിർത്തി.
‘പിന്നെ എന്ത് ചെയ്യണം?’ ആൽബിയുടെ ആകാംഷ വർധിച്ചു.
‘പൂച്ചയെകൊണ്ട് മറ്റു ശല്യങ്ങൾ ഒന്നും ഉണ്ടാകരുത്. എങ്കിലേ എല്ലാവരും ഇഷ്ടപെടൂ…’
‘എന്ത് ശല്യങ്ങൾ?’
‘നമ്മൾ സൂക്ഷിച്ചുവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ കട്ടുതിന്നുക, പത്രങ്ങൾ തട്ടിമറിക്കുക, വീടിനുള്ളിൽ കാഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങളെയാണ് ‘അമ്മ ശല്യങ്ങൾ എന്ന് ഉദ്ദേശിച്ചത്.’
‘അതിനു നമ്മുടെ കുഞ്ഞി അങ്ങനെയൊന്നും ചെയുന്നില്ലലോ.’
‘ഇല്ല. അതുകൊണ്ടണ് കുഞ്ഞിയെ എല്ലാവരും ഇഷ്ടപ്പെടുന്നത്. അല്ലാതെ എലിയെ പിടിക്കുന്നതുകൊണ്ടു മാത്രമല്ല. മനസ്സിലായോ കൊച്ചിന്?’
‘മനസിലായി’
ആൽബിയുടെ മുഖത്ത് വിരിഞ്ഞ തെളിമ ജെസ്സിയെ കൂടുതൽ ഉന്മേഷവതിയാക്കി.
‘ആട്ടെ, ‘അമ്മ എന്തിനാ കൊച്ചിനോട് ഇതൊക്കെ പറഞ്ഞത് എന്നറിയാമോ?’
ആൽബി ഒരു കുസൃതി ചിരിയോടെ ഒളികണ്ണിട്ടു നോക്കികൊണ്ട് പറഞ്ഞു. ‘അമ്മയെക്കു എന്നെ ഉപദേശിക്കാനാണെന്നു തോന്നുന്നു.’
ആൽബിയുടെ മറുപടി ജെസ്സിക്ക് ഏറെ ഇഷ്ട്ടമായി. അവൾ പൊട്ടിചിരിച്ചുപോയി.
‘അമ്പട കള്ളാ… അപ്പോ നിനക്ക് കാര്യമറിയാം. അതുപോട്ടെ, ആൽബിക്കുട്ടൻ യേശുവിന്റേതാണോ സാത്താന്റെതാണോ?’
‘ഞാൻ യേശുവിന്റെയാ’
‘വെറുതെ യേശുവിന്റേതാണെന്നു പറഞ്ഞിട്ട് കാര്യമില്ല. യേശു നമ്മെ ഇഷ്ടപെടും എന്ന് നല്ലപോലെ ഉറപ്പുവരുത്തിയിട്ടേ ഞാൻ യേശുവിന്റേതാണെന്നു അവകാശപെടാവൂ…’
‘അതെങ്ങനെയാ ഉറപ്പുവരുത്തുന്നത്?’ ആൽബി ജിജ്ഞാസയോടെ ചോദിച്ചു.
‘കൊച്ചുതന്നെ ആലോചിച്ചു നോക്ക്… യേശു ഇഷ്ട്ടപെടണമെങ്കിൽ എന്ത് ചെയ്യണം. അതുപോലെ എന്ത് ചെയാതിരിക്കണം.’
‘നന്നായി പഠിക്കണം’
‘യെസ്. നന്നായി പഠിക്കണം. ഇപ്പോൾ എന്റെ ചോദ്യത്തിന് പകുതി ഉത്തരമേ ആയിട്ടുള്ളു. എന്താണ് ചെയാതിരിക്കേണ്ടതെന്നു പറഞ്ഞില്ല.’
‘അത്… അത്…’ തലപുകഞ്ഞാലോചിച്ചിട്ടും ആൽബിക്ക് ഒരു ഉത്തരവും കിട്ടിയില്ല. ഒടുവിൽ,
‘അമ്മതന്നെ പറയ്’
‘യേശുവിനു ശല്യം ഉണ്ടാക്കരുത്’
‘ഞാൻ യേശുവിനു എന്ത് ശല്യമാണുണ്ടാക്കിയത്?’ ആൽബിയുടെ ചോദ്യം നിഷ്കളങ്കമായിരുന്നു. അറിഞ്ഞുകൊണ്ട് അവൻ യേശുവിനു ഒരു ശല്യവും ഉണ്ടാക്കിയിട്ടില്ല.
‘നീ ഇന്നു സ്കൂളിൽ വച്ച് കൂട്ടുകാരോട് വഴക്കുണ്ടാക്കിയില്ലേ?’ ടീച്ചർ പറഞ്ഞ വിവരം അറിഞ്ഞിരുന്ന ജെസ്സി അല്പം ഗൗരവത്തോടെ ചോദിച്ചു.
‘വഴക്കുകൂടി’ അതുപറയുമ്പോൾ അവന്റെ നോട്ടം നിലത്തേയ്ക്കായി.
‘അത് യേശുവിനു ശല്യമാകും.’ ജെസ്സി തീർത്തു പറഞ്ഞു.
‘അതെങ്ങനെ?’ നിലത്തുനോക്കി നിന്നിരുന്ന ആൽബിയുടെ നോട്ടം അവനറിയാതെ ജെസ്സിയുടെ മുഖത്തേയ്ക്കു പതിച്ചു.
ഗൗരവഭാവം മാറ്റി ശാന്തതയോടും സ്നേഹത്തോടും കൂടി ജെസ്സി അവനു വിശദീകരിച്ചുകൊടുത്തു. ‘മോൻ അവരോടു വഴക്കുകൂടുമ്പോൾ അവരുടെ ശരീരവും മനസും വേദനിക്കും. ആ വേദനകൾ അവരുടെ മനസ്സിൽനിന്നും അവർ പോലുമറിയാതെ ആൽബിക്കെതിരായ പരാതികളായി യേശുവിന്റെ മുന്പിലെത്തും.’
അതുകേട്ടപ്പോൾ ആൽബിയുടെ മുഖംവാടി.
‘അപ്പോൾ യേശു പിണങ്ങുമോ?’
‘പിണങ്ങുമെന്നു മാത്രമല്ല ശിക്ഷിക്കുകയും ചെയ്യും.’
‘എന്നാൽ ഇനിയൊരിക്കലും ഞാൻ വഴക്കുകൂടുകയില്ല.’
ആ വാക്കുകൾ ആൽബിയുടെ ഇളം മനസിലെ ഉറച്ച തിരുമാനമായിരുന്നുവെന്നു അവന്റെ മുഖഭാവത്തിൽ നിന്നും ജെസ്സിക്ക് മനസിലായി. ആ മാതൃഹൃദയത്തിൽ ലക്‌ഷ്യം കണ്ടതിന്റെ സന്തോഷം അലയടിച്ചു.
‘പക്ഷെ… പൂർണമായും യേശുവിന്റേതാകണമെങ്കിൽ ആൽബി ഒരു കാര്യം കൂടി ശ്രദ്ധിക്കണം’ മകന്റെ പൂർണത ആഗ്രഹിക്കുന്ന ജെസ്സി തുടർന്ന് പറഞ്ഞു.
‘അതെന്താ’
‘യേശു പരിശുദ്ധനായ ദൈവത്തോട് ചേരുന്നു നിൽക്കുന്ന അവിടുത്തെ പുത്രനല്ലേ?’
‘അതെ’
‘അപ്പോൾ ആ യേശുവിന്റേത് ആയിരിക്കുവാൻ ശ്രമിക്കുന്ന നമ്മൾ ശാരീരികമായും പരിശുദ്ധി പാലിക്കണം. അതായതു എല്ലായിപ്പോഴും ശുചിത്വം പാലിക്കണം. അതുകൊണ്ടു ആവശ്യമില്ലാതെ ദേഹത്തു അഴുക്കു പറ്റിക്കരുത്. അഥവാ പറ്റിയാൽ ഉടനെ വൃത്തിയായി കഴുകണം. മനസ്സിലായോ കൊച്ചിന്?’
‘മനസിലായി’
‘എന്നാൽ ഒന്ന് പറഞ്ഞെ… യേശുവിന്റെ ആയിരിക്കുവാൻ ആൽബി എന്തെല്ലാം ശ്രദ്ധിക്കണം?’
‘നന്നായി പഠിക്കണം, വഴക്കുകൂടാതെ നല്കുട്ടിയായിരിക്കണം, എല്ലായിപ്പോഴും ശുചിത്വം പാലിക്കണം.’
‘നല്ല കുട്ടൻ. ഇനി ഈ പറഞ്ഞതുപോലൊക്കെ ആയിരിക്കുമെങ്കിൽ അമ്മയ്ക്ക് ഒരു ചക്കരയുമ്മ തന്നേ…’
‘ചക്കരയുമ്മ’ ജെസ്സിയുടെ കഴുത്തിൽ കൈചുറ്റിക്കൊണ്ടായിരുന്നു ആൽബിയുടെ സ്നേഹചുംബനം.
റോബിൻ സഖറിയാസ്