അപ്പനും മക്കളും

 അന്ന് വേദപാഠക്ലാസ്സിൽ ദൈവസ്നേഹത്തെക്കുറിച്ചാണ് മേരിക്കുട്ടി ടീച്ചർ കുട്ടികളോട് പറഞ്ഞുകൊണ്ടിരുന്നത്. കൊച്ചു കൊച്ചു കഥകളും ഉദാഹരണങ്ങളും  ടീച്ചർ പറയുന്നത് കുട്ടികൾ ശ്രദ്ധയോടെ കേട്ടിരുന്നു. ഒടുവിൽ ടീച്ചർ കുട്ടികളോട് ചോദിച്ചു: ‘ദൈവം നമ്മുക്കാരാണ്?’

ടീച്ചർ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി.

സാവധാനം പലരും  പല  ഉത്തരങ്ങൾ പറഞ്ഞു. ഒടുവിൽ അവന്റെ ഊഴം വന്നു. പുറകിലത്തെ ബഞ്ചിലിരുന്ന അവസാനത്തെ കുട്ടി. അവൻ ടീച്ചറുടെ കണ്ണുകളിലേക്കു നോക്കി ഉറക്കെപ്പറഞ്ഞു: ‘ദൈവം എന്റെ പിതാവാണ്

പെട്ടെന്ന് ക്ളാസിൽ നിശബ്ദത പറന്നു. കുട്ടികളെല്ലാം അവനെയും  ടീച്ചറെയും മാറിമാറി നോക്കി. ടീച്ചർ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. മിടുക്കൻ അതെ കുഞ്ഞുങ്ങളെ, ദൈവം നമ്മുടെ എല്ലാം പിതാവാണ്. നമ്മെ സ്നേഹിക്കുന്ന നമ്മുടെ അപ്പൻ. പിന്നെ കുട്ടികളോടായി പറഞ്ഞു: ‘നിങ്ങൾ പറഞ്ഞ ഉത്തരങ്ങളും ശരിതന്നെയാണ്. ദൈവത്തിൽ നിന്നാണ് എല്ലാം നമുക്ക് ലഭിക്കുന്നത്. സ്നേഹവും പരിപാലനവും സമ്പത്തും ശക്തിയുമെല്ലാം ദൈവമാണ് നമുക്ക് നൽകുന്നത്. അതുകൊണ്ടു മാത്രമാണ് നമ്മൾ അവിടുത്തെ സ്നേഹിക്കുന്നതെങ്കിൽ നമ്മൾ അവിടുത്തെ മക്കളാവുകയില്ലല്ലോ. ദൈവം തൻ്റെ സ്നേഹപിതാവാണെന്ന ബോധ്യത്തോടെ നമ്മൾ അവിടുത്തെ സ്നേഹിക്കണം. അപ്പോൾ അവിടുന്ന് നമുക്ക് വേണ്ടതെല്ലാം വേണ്ട സമയത്ത് ചെയ്തു തരും. ഒന്നും നമുക്ക് കുറവുണ്ടാവുകയില്ല. പിന്നീട് ടീച്ചർ ഒരു കൊച്ചുകഥ കുട്ടികളോട് പറഞ്ഞു: അപ്പനും അമ്മയും രണ്ടു മക്കളുംകൂടി ദൈവാലയത്തിൽ തിരുനാളിനു പോവുകയായിരുന്നു. അപ്പൻ രണ്ടുപേർക്കും ചെലവാക്കാൻ  പത്തുരൂപ വീതം നൽകിയിരുന്നു. പത്ത് വയസ്സുള്ള മൂത്തമകൻ സന്തോഷത്തോടെ തുള്ളിച്ചാടി മുമ്പേ നടന്നു. ഇളയ മകൻ അപ്പന്റെ തൊളിലായിരുന്നു. ദൈവാലയത്തോട് അടുത്തപ്പോൾ വഴിയിൽ തിരക്കായിരുന്നു. ബലൂണും കടലയും ഐസ്ക്രീമും എല്ലാം വഴിയരികിൽ വില്പനയ്ക്കുണ്ട്. മൂത്തമകൻ അവന്റെ കൈവശമുള്ള പണം കൊടുത്ത് ബലൂൺ വാങ്ങി. ഇളയവനും ബലൂണിനുവേണ്ടി കൈനീട്ടി. അപ്പൻ  ഒരെണ്ണം അവനു  വാങ്ങിക്കൊടുത്തു. പിന്നെ കടലയും വാങ്ങിക്കഴിഞ്ഞപ്പോൾ മൂത്തമകൻറെ കയ്യിലെ പത്തുരൂപ തീർന്നിരുന്നു. അവന്റെ ഉത്സാഹം എവിടെയോ പോയിമറഞ്ഞു. നടത്തം  മന്ദഗതിയിലായി. ഇളയ മകൻ അപ്പന്റെ കയ്യിൽ  പിടിച്ച് തുള്ളിച്ചാടി നടക്കുകയാണ്. കാരണം  വേണ്ടതെല്ലാം അവനു കിട്ടി. ഇനിയും വേണ്ടതെല്ലാം വാങ്ങിത്തരാൻ അപ്പൻ കൂടെ ഉണ്ടല്ലോ. അപ്പൻ  കൊടുത്ത പത്തുരൂപ അവന്റെ കുഞ്ഞുടുപ്പിന്റെ പോക്കറ്റിൽ ഭദ്രമാണുതാനും.

അതെ കുഞ്ഞുങ്ങളെ, അവനറിയാം  അപ്പന്റേതെല്ലാം തന്റേതാണെന്ന്. ഒന്നാകലിൻറെ ചിന്തയാണ് മനസ്സിന്റെ നൈർമല്യം, ശൈശവത്തിന്റെ നിഷ്ക്കളങ്കത. അതിനു നമ്മെ ദൈവത്തിന്റെ മക്കളും സ്വാർഗ്ഗത്തിനു അവകാശികളുമാക്കുന്നത്. അതുകൊണ്ടാണ് ഈശോ ഇപ്രകാരം പറഞ്ഞത്: ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല‘ (മത്താ 18 : 3 ).

ദൈവത്തിന്റെ പ്രിയ പുത്രനായ ഈശോ നമ്മൾ ഓരോരുത്തരെയും തന്നെപ്പോലെ ദൈവത്തിന്റെ  സ്വന്തം മകളും മകനും ആക്കിത്തീർക്കാനാണ് ആഗ്രഹിക്കുന്നത്. അപ്പോൾ ഒരു മകനും  ദൂർത്തപുത്രനെപ്പോലെ ഇപ്രകാരം പറയുകയില്ല: ‘പിതാവേ! സ്വത്തിൽ എന്റെ ഓഹരി എനിക്ക് തരിക‘ (ലൂക്കാ 15 :12 ). പകരം ഈശോയെപ്പോലെ നമ്മളും ഇപ്രകാരം പറയും:’എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്! അങ്ങേയ്ക്കുളതെല്ലാം എന്റേതും‘ (യോഹ. 17 : 9 -10 ).

അതെ ദൈവത്തിന്റെ മക്കൾ എന്നും സമ്പന്നരായിരിക്കും. സങ്കീർത്തകനോട് ചേർന്ന് നമുക്കും പറയാം.

കർത്താവാണ് എന്റെ ഇടയൻ, എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല‘ (സങ്കീ. 23 :1 ).

മാത്യു മാറാട്ടുകളം